ഓസ്‌ട്രേലിയ: ചാള്‍സ് രാജാവിനെ വിറപ്പിച്ച ഓസ്‌ട്രേലിയന്‍ സെനറ്ററിൻറെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അഞ്ച് ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായിട്ടാണ് ചാള്‍സ് രാജാവ് എത്തിയത്. പക്ഷെ അദ്ദേഹത്തെ ഞെട്ടിച്ച് അവിടെ നടന്നത് മറ്റൊരു സംഭവം ആയിരിന്നു.

ബ്രിട്ടീഷ് അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരേ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ 'ലിഡിയ തോര്‍പ്പ്'. വലിയ രൂക്ഷ ഭാഷയിലാണ് ചാള്‍സ് രാജാവിനെ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ വിമർശിച്ചത്. നിങ്ങള്‍ ഞങ്ങളുടെ രാജാവല്ല. ഇത് നിങ്ങളുടെ രാജ്യവുമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ലിഡിയ ബ്രിട്ടീഷ് കോളനിവത്കരണത്തോട് വളരെ ശക്തമായ ഭാഷയിലാണ് തുറന്നടിച്ചത്.

ലിഡിയയുടെ പ്രതിഷേധത്തിന് മുന്നില്‍ ചാള്‍സ് രാജാവ് തന്നെ ഞെട്ടി. പ്രതിഷേധം നടത്തുന്നതിനിടെ ലിഡിയയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റുമ്പോഴും അവര്‍ രാജാവിന് നേരെ വലിയ രീതിയിലാണ് പ്രതിഷേധം അറിയിച്ചത്.

'നിങ്ങള്‍ ഞങ്ങളുടെ രാജാവല്ല. ഓസ്‌ട്രേലിയന്‍ ജനതയ്‌ക്കെതിരേ വംശഹത്യ നടത്തിയ വ്യക്തിയാണ് നിങ്ങള്‍. ഞങ്ങളുടെ ഭൂമി തിരികെ നല്‍കൂ, ഞങ്ങളില്‍നിന്ന് മോഷ്ടിച്ചതെല്ലാം തിരികെത്തരൂ. ഞങ്ങളുടെ ഭൂമി, ജനത, കുഞ്ഞുങ്ങള്‍, അസ്ഥികള്‍, തലയോട്ടികള്‍ എല്ലാം തിരികെത്തരൂ. നിങ്ങള്‍ ഞങ്ങളുടെ നാട് തകര്‍ത്തു' എന്ന് അവർ തുറന്നടിച്ചു.

അതേസമയം, ഓസ്‌ട്രേലിയ ഇന്ന് ഒരു ഫെഡറല്‍ പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെങ്കിലും ഓസ്ട്രേലിയയുടെ രാഷ്ട്രത്തലവന്‍ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ്. രാജഭരണത്തില്‍നിന്ന് പൂര്‍ണമായും ഓസ്ട്രേലിയയെ സ്വതന്ത്രമാക്കണമെന്നാവശ്യം ഓസ്‌ട്രേലിയയില്‍ ഇപ്പോൾ ശക്തമാണ്.