മാഡ്രിഡ്: സ്പെയിനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മഹാപ്രളയത്തിൽ ജനങ്ങൾ വലിയ ദുരിതത്തിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോൾ സ്പെയിനിൽ ഉണ്ടായിരിക്കുന്നത്. മഹാപ്രളയത്തില്‍ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.

വലൻസിയയിൽ അതിശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മഹാപ്രളയം ഉണ്ടാകാൻ ഇടയായത്. പൂർണമായി മുങ്ങി പോയ പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

ഒരു വർഷം പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂറിനുള്ളിൽ വലൻസിയയിൽ പെയ്തത്. കാലാവസ്ഥാ വ്യതിയാനവുമായി ഈ അവസ്ഥയ്ക്ക് ബന്ധമുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സ്പെയിനിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് അതിശക്തമായ മഴ പെയ്തത്. റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

റെയിൽ സർവീസും വിമാന സർവീസും തടസ്സപ്പെട്ടു. തെരുവുകളിൽ കാറുകൾ ഒഴുകിപോവുകയും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറിയും ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. ഇന്നലെ മാത്രം രക്ഷാപ്രവർത്തകർ എട്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ പറയുന്ന നിദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.