- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ ഭൂകമ്പത്തില്‍ വിറച്ച് ജപ്പാന്; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്; പ്രഭവകേന്ദ്രം ഹ്യൂഗ-നാഡ കടലില്‍
ശക്തമായ ഭൂകമ്പത്തില്‍ വിറച്ച് ജപ്പാന്
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ ദ്വീപുകളില്‍ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം, അടുത്തിടെ ടിബറ്റിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉള്‍പ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിനെ പിടിച്ചുകുലുക്കിയത്. ഭൂകമ്പത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളാണ് പലയിടത്തായി നിലംപൊത്തിയത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.