വാഷിംഗ്ടൺ: അമേരിക്കയിൽ ഇപ്പോൾ വിമാനത്തിൽ സഞ്ചരിക്കാൻ ജനങ്ങൾക്ക് തെല്ലൊരു ഭയമാണ്. ഇതിനിടെ, ഹൂസ്​റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണൈ​റ്റഡ് എയർലൈൻസ് വിമാനത്തിൽ ടേക്ക് ഓഫിനിടെ തീ പടർന്നതാണ് ഒടുവിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഉടൻ ടേക്ക് ഓഫ് ഒഴിവാക്കി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.35നായിരുന്നു സംഭവം നടന്നത്.

ടേക്ക് ഓഫിനിടെ റൺവേയിൽ വച്ച് എൻജിൻ തകരാറുമൂലം വിമാനത്തിന്റെ ഒരു ചിറകിന് തീപിടിക്കുകയായിരുന്നു. 104 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ന്യൂയോർക്കിൽ എത്തിച്ചു.

അതേസമയം, ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യു.എസിൽ വിമാനം അപകടത്തിൽപ്പെടുന്നത്.ജനുവരി 29ന് വാഷിംഗ്ടണിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിലേക്ക് യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 67 പേരാണ് കൊല്ലപ്പെട്ടത്.