- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
106 വയസുള്ള അമ്മച്ചി വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം; നൂറു വയസ്സ് കഴിഞ്ഞവരുടെ യാത്ര തലവേദന ആകുന്നു; ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരോട് ഇങ്ങനെ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ
ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരോട് ഇങ്ങനെ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ
ടെക്സാസ്: വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രായപരിധിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നൂറ്റിയാറ് വയസുള്ള ഒരു മുത്തശിയുടെ പരാതിയാണ്. മുത്തശി വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തന്നെ കുറിച്ച് സംശയം തോന്നി എന്നാണ് പറയുന്നത്. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ക്രെറ്റോറ ബിഗര്‍സ്റ്റാഫ് ആണ് വിമാനക്കമ്പനികള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇവര്‍ ഫ്ളോറിഡയിലേക്ക് വിമാനത്തില്‍ പോകാറുണ്ട്. എന്നാല്‍ ഓരോ തവണയും വിമാനത്താവളത്തിലെ ജീവനക്കാര്‍ തന്റെ വയസ് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് ഇവര്‍ പറയുന്നത്. യാത്ര ചെയ്യുന്ന വേളകളില്‍ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ തന്നെ ഒരു വിഢിയായ വൃദ്ധയായിട്ടാണ് കണക്കാക്കുന്നതെന്നും ഇവര്‍ ദുഖത്തോടെ പറയുന്നു.
ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള ആളുകളെ കുറിച്ച് ഇത്തരത്തില്‍ പല തെറ്റിദ്ധാരണകളും ഉണ്ടെന്നും നൂറ്റിയാറ് വയസായി എന്നത് കൊണ്ട് താന്‍ വീല്‍ച്ചെയറില്‍ ഉമിനീരും ഒലിപ്പിച്ചിരിക്കുന്ന വ്യക്തിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മകളുടെ കൂടെയാണ് ക്രെറ്റോറ വിമാനയാത്ര നടത്താറുള്ളത്. ഓരോ തവണയും തന്നോട് പ്രായം തെളിയിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്നതായും അവര്‍ പരാതിപ്പെടുന്നു.
നിലവിലെ സുരക്ഷാ സംവിധാനങ്ങളില്‍ നൂറ് വയസിന് മുകളില്‍ ഉള്ളവര്‍ക്കായി എന്തെങ്കിലും ഇളവുകള്‍ ചെയ്യണമെന്നാണ് മുത്തശി ആവശ്യപ്പെടുന്നത്. ഏതായാലും വെറുതേയിരിക്കാന്‍ അവര്‍ തയ്യാറല്ല. ഗതാഗത വകുപ്പിനും യുണൈറ്റഡ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയുടെ സി.ഇ.ഒമാര്‍ക്കും കത്തെഴുതാനാണ് അവരുടെ തീരുമാനം. ഇതിന് ഒരു സുഹൃത്തിന്റെ സഹായവും അവര്‍ തേടിയിരിക്കുകയാണ്. ഒരു വ്യക്തി കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നു എന്നത് കൊണ്ട് ഓരോ തവണയും യാത്ര ചെയ്യുമ്പോള്‍ അവര്‍
അതിന് ദുരിതം അനുഭവിക്കുന്നത് ശരിയല്ലെന്നുമാണ് പലരും പറയുന്നത്.
ഇത്രയും പ്രശ്നങ്ങള്‍ എല്ലാം ഉണ്ടെങ്കിലും ഇപ്പോഴും വിമാനയാത്ര ചെയ്യാന്‍ ക്രെറ്റോറക്ക് ഒരു മടിയുമില്ല. ഒരു വിദേശയാത്രക്ക് പോകാനും മുത്തശി പദ്ധതിയിടുന്നുണ്ട്. എപ്പോഴെങ്കിലും ലോട്ടറിയടിച്ചാല്‍ ഇറ്റലിയില്‍ പോകണം എന്നാണ് ഇവരുടെ വലിയൊരാഗ്രഹം. പലരും തന്നോട് ക്ഷേമം അന്വേഷിക്കുമ്പോള്‍ തനിക്ക് 106 വയസായി എന്ന് ഒരിക്കലും തോന്നാറില്ല എന്നാണ് മുത്തശി പറയുന്നത്്. കഴിഞ്ഞ വര്‍ഷം തന്റെ നൂറ്റിയഞ്ചാം പിറന്നാള്‍ തന്നെ പോലെ നൂറ് വയസ് പിന്നിട്ട മൂന്ന് സ്ത്രീകള്‍ക്കൊപ്പമാണ് ക്രെറ്റോറ ആഘോഷിച്ചത്.