കിൻഷസ: കോംഗോയിലെ വിരുംഗ നാഷണൽ പാർക്കിൽ ആന്ത്രാക്സ് ബാധിച്ച് 50ഓളം ഹിപ്പപ്പോട്ടമസുകൾ ചത്തതായി റിപ്പോർട്ടുകൾ. പാർക്കിലൂടെ ഒഴുകുന്ന ഇഷാഷ നദിയിലും കരയിലുമായാണ് ഹിപ്പോകളുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. അധികൃതർ നടത്തിയ പരിശോധനയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. കാട്ടുപോത്തുകളും ആന്ത്രാക്സ് ബാധിച്ച് ചത്തതായി അധികൃതർ വ്യക്തമാക്കി.

പക്ഷെ ആന്ത്രാക്സിന്റെ ഉറവിടം കണ്ടെത്താനായില്ല. ഹിപ്പോകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിച്ചിരുന്ന പാർക്കിന് സംഭവം കനത്ത തിരിച്ചടിയായി. ഒരിക്കൽ ഏകദേശം 20,000 ഹിപ്പോകൾ മേഖലയിൽ ജീവിച്ചിരുന്നു. എന്നാൽ ഇന്ന് 1,200 ഹിപ്പോകളാണ് ഇവിടെയുള്ളത്.

ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ആന്ത്രാക്സ്. മണ്ണിൽ ജീവിക്കുന്ന ബാസിലസ് ആന്ത്രാസിസ് പലപ്പോഴും പുല്ലിലൂടെയും മറ്റുമാണ് മൃഗങ്ങളിലേക്ക് പടരുന്നത്. കന്നുകാലികളടക്കമുള്ള ജീവികളെയാണ് ആന്ത്രാക്സ് സാധാരണയായി ബാധിക്കുന്നത്. മനുഷ്യരിൽ ആന്ത്രാക്സ് വളരെ അപൂർവമായാണ് ബാധിക്കുന്നത്.