വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. 160 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. കെര്‍ കൗണ്ടിയില്‍ ഗ്വാഡലപ് നദിക്കരയിലെ സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ കുട്ടികളെയും ഒരു കൗണ്‍സിലറെയും ഇനിയും കണ്ടെത്താനായിട്ടില്ല.

സെന്‍ട്രല്‍ ടെക്സസിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. ഇതുവരെ 850ല്‍ അധികം പേരെ രക്ഷപ്പെടുത്തി.

പ്രളയ ബാധിത മേഖല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സന്ദര്‍ശിക്കും. അതേസമയം, കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മദ്ധ്യ ടെക്‌സസില്‍ പ്രളയമുണ്ടായത്.

ശക്തമായ മഴയ്ക്ക് പിന്നാലെ ഗ്വാഡലപ് നദി അപ്രതീക്ഷിതമായി കരകവിഞ്ഞതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ആയിരത്തിലധികം പേരെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നിരവധി വീടുകളും മരങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.