ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് (പിഎഎ) ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ 4:59 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ രജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. സിവില്‍ വിമാനങ്ങള്‍ക്കു പുറമെ സൈനിക വിമാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. പുതിയ ഉത്തരവില്‍ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമര്‍ശിക്കുന്നില്ല. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ കൂടുതല്‍ സമയമെടുത്താണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. വിമാനങ്ങളുടെ ഇന്ധനച്ചെലവും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്.