ലോസ് ഏഞ്ചൽസ്: 1989-ൽ തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മെനെൻഡസ് സഹോദരന്മാരായ ജോസഫ് ലൈൽ മെനെൻഡസിനും എറിക് മെനെൻഡസിനും കാലിഫോർണിയയിലെ ഒരു ജുഡീഷ്യൽ കമ്മീഷൻ പാരോൾ നിഷേധിച്ചു. വെള്ളിയാഴ്ച നടന്ന ലൈൽ മെനെൻഡസിന്റെ പാരോൾ വിചാരണയിൽ, മൂന്നുവർഷത്തേക്കുകൂടി ജയിലിൽ തുടരാൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ദിവസം സഹോദരൻ എറിക്കിനും ഇതേ വിധി ലഭിച്ചിരുന്നു.

57 വയസ്സുള്ള ലൈൽ മെനെൻഡസ്, അവരുടെ പിതാവ് ജോസ് മെനെൻഡസും മാതാവ് കിറ്റി മെനെൻഡസും 36 വർഷങ്ങൾക്ക് മുമ്പ് ബെവർലി ഹിൽസിലെ വസതിയിൽ വെച്ച് മാരകമായി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയാണ്. സഹോദരന്മാരായ ഇരുവരും 1989-ൽ ഷോട്ട് ഗൺ ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലെ ഹാളിലിരിക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് സഹോദരന്മാർ ഇരച്ചെത്തി രണ്ടുപേരെയും അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

നാടകീയമായ വിചാരണയെത്തുടർന്ന്, സഹോദരന്മാർ തങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാനാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, വർഷങ്ങളായി പിതാവിൽനിന്നുള്ള ലൈംഗികവും മാനസികവുമായ പീഡനങ്ങളിൽനിന്നുള്ള സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് തങ്ങൾ ഈ കൃത്യം ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം.

വർഷങ്ങളായി ജയിലിൽ കഴിയുന്ന സഹോദരന്മാരുടെ മോചനത്തിനായി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മറ്റ് പ്രമുഖരുടെയും പിന്തുണയോടെ ഒരു പ്രചാരണം നടന്നതും ചർച്ചയായിരുന്നു.