വിൻഡ്‌സർ: കാനഡയിലെ വിൻഡ്‌സർ-ഡിട്രോയിറ്റ് നദീതീരത്ത് എങ്ങോട്ട് നോക്കിയാലും ഇന്ത്യക്കാരെ കാണാമെന്നും രാജ്യം 'കാനഇന്ത്യ'യായി മാറിയെന്നും അവകാശപ്പെട്ട് ഒരു യുവാവ് പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ലോചവ് രവി എന്നയാളാണ് വീഡിയോ പുറത്തുവിട്ടത്.

താൻ കണ്ടുമുട്ടിയവരിൽ പത്തിൽ എട്ട് പേരും ഇന്ത്യക്കാരാണെന്ന് വീഡിയോയിൽ രവി വ്യക്തമാക്കുന്നു. കഠിനാധ്വാനികളും സ്വന്തം സംസ്കാരത്തെ ബഹുമാനിക്കുന്നവരുമാണ് ഇന്ത്യക്കാരെങ്കിലും, തങ്ങളുടെ നാട് ഇന്ത്യക്കാർ കൈയടക്കിയതായി ഒരുപക്ഷേ കാനഡയിലുള്ളവർക്ക് തോന്നിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടാനും യുവാവ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

നേരത്തെയും കാനഡയിൽ നിന്നുള്ള സമാനമായ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നദീതീരത്ത് ഗംഗാ ആരതി നടത്തുന്നതും തടാകങ്ങളിൽ സോപ്പ് തേച്ച് കുളിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിന് മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, വിവിധ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങളുടെ വാർത്തകളും ഇതിനോടൊപ്പം ചർച്ചയാകുന്നുണ്ട്. ഈ സംഭവങ്ങളെ പലപ്പോഴും ലോകമെമ്പാടുമുള്ള ജനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ശക്തമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.