ഇസ്താംബുൾ: തുർക്കിയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റായ ഷിഫ്റ്റ് ഡിലീറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഹക്കി അൽകാൻ, വെബ്സൈറ്റിലെ എഡിറ്റർ-ഇൻ-ചീഫായ സമേത് ജാൻകോവിച്ചിനെ പൂച്ചട്ടിയാൽ എറിഞ്ഞ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഓഫീസിനകത്ത് നടന്ന തർക്കത്തിനിടെയാണ് അൽകാൻ പൂച്ചട്ടി ജാൻകോവിച്ചിന് നേരെ വലിച്ചെറിഞ്ഞത്. ജീവനക്കാരന്റെ പരാതിയിൽ നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, ഇരുവരും തമ്മിൽ സംസാരിക്കുന്നതും വാക്കേറ്റമുണ്ടാകുന്നതും വ്യക്തമായി കാണാം. ഇതിനിടെ, അൽകാൻ കല്ലുകൾ നിറഞ്ഞ ഒരു പൂച്ചട്ടി എടുത്ത് ജാൻകോവിച്ചിന് നേരെ എറിയുന്നു. നാല് വർഷത്തോളമായി ഷിഫ്റ്റ് ഡിലീറ്റിൽ സേവനമനുഷ്ഠിക്കുന്നയാളാണ് സമേത് ജാൻകോവിച്ച്.

സംഭവത്തെ തുടർന്ന് മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും നിയമപരമായി മുന്നോട്ട് പോകുമെന്നും ജാൻകോവിച്ച് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. "നിങ്ങൾ ഇതിന് വില നൽകേണ്ടി വരും. ക്യാമറകൾ നീക്കം ചെയ്താൽ നിങ്ങൾ ആണല്ല. നിങ്ങളുടെ ഫോണുകളിൽ 24/7 ഇത് ലഭ്യമാണെന്ന് എനിക്കറിയാം," അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

എന്നാൽ, സംഭവത്തിൽ സിഇഒ ഹക്കി അൽകാൻ വിശദീകരണവുമായി രംഗത്തെത്തി. തർക്കത്തിനിടെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും പൂച്ചട്ടിയല്ല, പൂച്ചെടിയാണ് എറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.