റോം: വിനോദസഞ്ചാരികൾക്കും അവരുടെ വളർത്തുനായ്ക്കൾക്കും നികുതി ഏർപ്പെടുത്തി ഇറ്റലിയിലെ ബോൽസാനോ നഗരം. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി, നഗരത്തിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലെ വർധനവും ടൂറിസ്റ്റുകൾക്കൊപ്പം കൊണ്ടുവരുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിലെ വർധനവും നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ നിയമം അനുസരിച്ച്, നായകളുമായി എത്തുന്ന ഓരോ സന്ദർശകനും ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം 156 രൂപ) നികുതിയായി നൽകണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോൽസാനോയിൽ വളർത്തുമൃഗങ്ങൾക്കുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി. നഗരത്തിലെ താമസക്കാർക്കും നികുതി ബാധകമായിരിക്കും; ഒരു നായയുടെ ഉടമ വർഷം 100 യൂറോ നൽകണം. ഈ തുക നഗരത്തിലെ തെരുവുകൾ വൃത്തിയാക്കുന്നതിനും നായ്ക്കൾക്കും ഉടമകൾക്കുമായി പുതിയ പാർക്കുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, നായ്ക്കളെ സാധാരണ നഗര പാർക്കുകളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഇതിന് മുമ്പ്, നായകളുടെ ഡിഎൻഎ രജിസ്റ്റർ ചെയ്യുന്നതിനായി ഉടമകളിൽ നിന്ന് പണം ഈടാക്കുന്നതിനുള്ള വിവാദപരമായ നീക്കവും ഇവിടെ നടന്നിരുന്നു. തെരുവുകളിൽ നായകളുടെ വിസർജ്യം നീക്കം ചെയ്യാത്ത ഉടമകളെ കണ്ടെത്താനും പിഴ ചുമത്താനും വേണ്ടിയായിരുന്നു ഇത്. നിലവിൽ, ഇത്തരം നിയമലംഘനങ്ങൾക്ക് 600 യൂറോ വരെ പിഴ ലഭിക്കാം. ഡിഎൻഎ രജിസ്ട്രിയിൽ പേര് ചേർത്തവർക്ക് പുതിയ നായ നികുതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ഇളവ് ലഭിക്കുമെന്ന് കൗൺസിലർ ലൂയിസ് വാൽച്ചർ അറിയിച്ചു. വിനോദസഞ്ചാരികളുടെയും വളർത്തുമൃഗങ്ങളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സന്ദർശകരുടെ സ്വാധീനം ലഘൂകരിക്കാൻ ബോൽസാനോ നഗരം സ്വീകരിക്കുന്ന ഈ നടപടി ശ്രദ്ധേയമാണ്.