നോർത്ത് കൊനാവെ: ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിൽ, ഒരു പശു, ഒരു കെറ്റിൽ, കുറച്ച് പണം എന്നിവയ്ക്ക് പകരമായി ഭാര്യയെ കാമുകന് കൈമാറി യുവാവ്. നോർത്ത് കൊനാവെ ജില്ലയിൽ നടന്ന സംഭവത്തിൽ, പരമ്പരാഗതമായ 'മോവെ സരപു' അല്ലെങ്കിൽ 'മോഷെ' എന്ന ആചാരപ്രകാരമാണ് കൈമാറ്റം നടന്നത്. തോലാക്കി ഗോത്രത്തിന്റെ ഈ ആചാരം ദാമ്പത്യബന്ധത്തിലെ തർക്കങ്ങൾ അക്രമമില്ലാതെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

സംഭവത്തെക്കുറിച്ച് യുവാവ് വിശദീകരിച്ചത്, പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ്. കൈമാറ്റത്തിന്റെ ഭാഗമായി, കാമുകൻ യുവതിയുടെ ഭർത്താവിന് ഒരു ആരോഗ്യമുള്ള പശുവിനെ സമ്മാനിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളും ഗ്രാമവാസികളും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇരു കുടുംബങ്ങളുടെയും അഭിമാനം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഭർത്താവ് പിന്നീട് വിശദീകരിച്ചു.

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ഭാര്യയും കാമുകനും തമ്മിൽ പ്രണയത്തിലായത്. "നിങ്ങളുടെ ഭാര്യയെ എനിക്ക് തരൂ, പകരം ഞാൻ നിങ്ങൾക്ക് ഒരു പശുവിനെ തരാം" എന്ന് കാമുകൻ ഭർത്താവിനെ സമീപിക്കുകയായിരുന്നു. ഇതിന് സമ്മതിച്ച ഭർത്താവ്, അടുത്ത ദിവസം തന്നെ ദമ്പതികളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പരമ്പരാഗതമായി, ഭാര്യയെ സ്വീകരിക്കുന്ന പുരുഷൻ കന്നുകാലികളോ, വീട്ടുപകരണങ്ങളോ, പണമോ നഷ്ടപരിഹാരമായി നൽകുകയാണ് പതിവ്.