- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയറ്റ്നാമിൽ ആഞ്ഞുവീശി 'കൽമേഗി' ചുഴലിക്കാറ്റ്; മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ കാറ്റ്; 114 പേർക്ക് ജീവൻ നഷ്ടമായി; രക്ഷാപ്രവർത്തനം തുടരുന്നു; പ്രദേശങ്ങളിൽ അതീവ ജാഗ്രത
ഹാനോയ്: ഫിലിപ്പീൻസിൽ 114 പേരുടെ ജീവൻ കവർന്ന കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാമിൽ തീരംതൊട്ടു. ഇന്നലെ രാത്രി ഡക് ലക്, ജിയാ ലായ് പ്രവിശ്യകൾക്ക് മദ്ധ്യേ മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിനെത്തുടർന്ന് തെക്കൻ വിയറ്റ്നാമിലെ ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 2,60,000 സൈനികരെ സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ഹോചിമിൻ സിറ്റിയിലടക്കം വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 26 അടി ഉയരത്തിൽ വരെ തിരമാലയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇക്കൊല്ലം ഫിലിപ്പീൻസിൽ വീശിയടിച്ച 20-ാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. ചൊവ്വാഴ്ചയാണ് ഇത് ഫിലിപ്പീൻസിൽ എത്തിയത്. ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്ത് ജനജീവിതം സ്തംഭിക്കുകയും 114 പേർ മരണപ്പെടുകയും 127 പേരെ കാണാതാവുകയും ചെയ്തു. മദ്ധ്യ ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇത് ഫിലിപ്പീൻസ് തീരം വിട്ടത്. ദക്ഷിണ ചൈനാക്കടലിന് മുകളിലൂടെ സഞ്ചരിക്കവേ മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയോടെ കൽമേഗി ശക്തിയാർജ്ജിച്ചിരുന്നു.




