സിംഗപ്പൂരിൽ നിന്ന് മിലാനിലേക്ക് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന് ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. വിമാനത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തത്തിനിടയിലും സഹയാത്രികനായ ഒരു ഡോക്ടറുടെയും സഹപ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ ജീവൻ രക്ഷിക്കാനായില്ലെങ്കിലും, അവരുടെ ശ്രമങ്ങൾക്ക് ഭാര്യ നന്ദി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ എസ്ക്യു378 വിമാനത്തിലാണ് സംഭവം നടന്നതെന്ന് സിഎൻഎ റിപ്പോർട്ട് ചെയ്തു. മൗണ്ട് എലിസബത്ത് നൊവേന സ്പെഷ്യലിസ്റ്റ് സെന്‍ററിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ഡെസ്മണ്ട് വായ്, കുടുംബത്തോടൊപ്പം മിലാനിലേക്ക് അവധിക്കാലം ആഘോഷിക്കാൻ ഈ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയുടെ മധ്യത്തിൽ, വിമാനത്തിലെ കാബിൻ സ്പീക്കറുകളിൽ ഡോക്ടറുടെ സഹായം തേടി അനൗൺസ്‌മെന്റ് ഉണ്ടായി. ഉടൻ തന്നെ ഡോ. വായ് രോഗിയെ പരിശോധിക്കാനായി പുറപ്പെട്ടു.

രോഗിയുടെ അടുത്തെത്തിയപ്പോൾ, വിമാനത്തിന്‍റെ പിൻഭാഗത്ത് ഒരു മധ്യവയസ്‌കൻ തറയിൽ കിടക്കുന്നതായും, ക്യാബിൻ ക്രൂ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) ഉം മരുന്നും തയ്യാറാക്കുന്നതായും ഡോ. വായ് കണ്ടു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഡോക്ടർമാരുടെ സഹായത്തോടെ അദ്ദേഹം കാർഡിയോപൾമോണറി റെസസിറ്റേഷൻ (CPR) ആരംഭിച്ചു. ഏകദേശം അരമണിക്കൂറോളം നീണ്ട ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലും രോഗിയുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. "നമ്മൾ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ ഖേദമുണ്ട്, പക്ഷേ, അതാണ് ജീവിതം," ഡോ. വായ് പിന്നീട് പ്രതികരിച്ചു.

തന്‍റെ ഭർത്താവിനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്ത ഡോക്ടർമാർക്ക് ഭാര്യ കണ്ണീരോടെ നന്ദി അറിയിച്ചു. "ഡോക്ടർ, ശ്രമിച്ചതിന് നന്ദി," അവർ പറഞ്ഞു. വിമാനത്തിലെ ജീവനക്കാരും ഡോക്ടർമാർക്ക് നന്ദി അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ചിലർ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം നേരിടുന്നതെന്നും, അവർ വൈകാരികമായി തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.