ബീജിങ്: കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ് ചെയ്യാന്‍ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസില്‍ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ് ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നാണ് റിപ്പോര്‍ട്ട്.

യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് ലി ജിയാങ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ 2ന് സെങ്ഷൗവിലെ നയന്‍ത് പീപ്പിള്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നതിനാല്‍ അടുത്തദിവസം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും നാലാം തിയതിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് ലിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. ഒക്ടോബര്‍ അഞ്ചിന് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ലി ജിയാങ്ങിന് നിരന്തരമായി ശരീരഭാരം കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനൊപ്പം കൂര്‍ക്കംവലിയുമുണ്ടായിരുന്നു. മെറ്റബോളിക് സിന്‍ഡ്രോം, ഫാറ്റി ലിവര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയും യുവാവിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പ് മതിയായ പരിശോധനകള്‍ നടത്തിയില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട പരിചരണങ്ങള്‍ നല്‍കിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആശുപത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.