ഭാര്യയുടെ പ്രസവസമയത്ത് അവധി ചോദിച്ച യുവാവിനോട് മാനേജർ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിൻ്റെ ദുരനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചത് കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങൾ ചർച്ചയാക്കി.

ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി രണ്ടു ദിവസത്തെ അവധിക്കാണ് യുവാവ് മാനേജരെ സമീപിച്ചത്. എന്നാൽ, ലീവ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട മാനേജർ, പിന്നാലെ ആശുപത്രിയിൽ നിന്ന് ജോലി ചെയ്യാനാവുമോ എന്ന് ചോദിച്ചു. "മാതാപിതാക്കൾ ആശുപത്രിയിൽ ഉള്ളതിനാൽ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ, അതുകൊണ്ട് ജോലി ചെയ്തുകൂടേ?" എന്നായിരുന്നു മാനേജരുടെ ചോദ്യം.

ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചതിനാൽ ജോലി വിടാൻ സാധിക്കില്ലെന്നും എന്നാൽ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ലെന്നും യുവാവ് ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ, ലീവ് അപേക്ഷ ഇ-മെയിൽ ചെയ്യാൻ മാനേജർ നിർദ്ദേശിച്ചു. ഇന്ത്യൻ മാനേജർമാർ എന്തുകൊണ്ടാണ് ജീവനക്കാരുടെ സ്വകാര്യജീവിതം മനസ്സിലാക്കാത്തതെന്ന് യുവാവ് പോസ്റ്റിൽ ചോദിച്ചു. ലീവ് അവകാശമാണെന്നും അതിരുകൾ നിശ്ചയിക്കണമെന്നും ഉപദേശിച്ച് നിരവധി പേർ കമന്റ് ചെയ്തു.