ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി തന്റെ കുട്ടിക്കാലത്ത് കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച ഹൃദയസ്പർശിയായ ഒരു കത്ത് ലേലത്തിൽ വിറ്റുപോയത് ലക്ഷങ്ങൾക്ക്. ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് (25,000 പൗണ്ട്) ഈ കത്ത് ലേലത്തിൽ വിറ്റുപോയത്. വെറും 4,000 പൗണ്ട് മാത്രം ലേലത്തുക പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ വൻതുക ലഭിച്ചത്.

1936-നും 1940-നും ഇടയിൽ, എലിസബത്ത് രാജ്ഞിക്ക് വെറും 10-12 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കത്തെഴുതിയത്. വിൻഡ്‌സറിലെ റോയൽ ലോഡ്ജിലെ ഹെഡ് ഹൗസ്‌മെയ്‌ഡ് ആയ ബിയാട്രിസ് സ്റ്റിൽമാന് വേണ്ടിയായിരുന്നു ഈ കത്ത്.

നിഷ്കളങ്കമായ കുട്ടിക്കാലത്തെ ചോദ്യങ്ങളും ചിത്രങ്ങളും നിറഞ്ഞതാണ് ഈ കത്ത്. കുതിരകൾ, നായ്ക്കൾ, കുട്ടികൾ എന്നിവയുടെ ചിത്രങ്ങൾ രാജ്ഞി തന്നെ കത്തിൽ വരച്ചുചേർത്തിട്ടുണ്ട്. 'പക്ഷികൾക്ക് സുഖമാണോ?', 'ഗോൾഡ് ഫിഷ് ചത്തുപോയിട്ടില്ലല്ലോ അല്ലേ?' തുടങ്ങിയ കുട്ടികൾ ചോദിക്കാറുള്ള ലളിതമായ ചോദ്യങ്ങളും താൻ പറിച്ചെടുത്ത പൂക്കൾ മറ്റ് ജീവനക്കാർക്കും പങ്കുവെക്കണമെന്ന നിർദ്ദേശവും കത്തിലുണ്ട്.

ദശകങ്ങളോളം ആരും ശ്രദ്ധിക്കാതെ ഒരു പെട്ടിക്കുള്ളിൽ കിടന്ന ഈ കത്തുകൾ 2024-ലാണ് പുറംലോകം അറിയുന്നത്. ബിയാട്രിസ് സ്റ്റിൽമാന്റെ സഹോദരിയുടെ കൊച്ചുമകൻ വില്യം വെസ്റ്റാക്കോട്ട് ആണ് ഇത് കണ്ടെത്തിയത്. അമ്മയുടെ മരണശേഷം കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിൽ നിന്നാണ് ഈ അമൂല്യ ശേഖരം ലഭിച്ചത്.

കെന്റിൽ നടന്ന ലേലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വ്യക്തിത്വവും കൊട്ടാരത്തിലെ ജീവനക്കാരോടുള്ള അവരുടെ ആത്മബന്ധവും വ്യക്തമാക്കുന്നതാണ് ഈ കത്തുകൾ.