ഇസ്ലാമാബാദ്: പെരുന്നാളിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച് പാക്കിസ്താന്‍. ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണു നടപടി. അഫ്ഗാനിസ്ഥാനില്‍ ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന പാക് സൈനിക നടപടിയെ തുടര്‍ന്ന് അനേകം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനെതിരായുള്ള സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മന്ത്രി അത്താവുല്ലാ തരാര്‍ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. മാര്‍ച്ച് 18 അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 23 അര്‍ധരാത്രി വരെയാണ് ഈ ഇടവേളയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ പാകിസ്താനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ആക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായാല്‍ നിര്‍ത്തിവച്ച ഓപ്പറേഷന്‍ 'ഗസബ് ലില്‍ ഹഖ്' അടിയന്തരമായി പുനരാരംഭിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കാബൂളിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 400 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പാക്കിസ്ഥാന്‍ തങ്ങള്‍ ഭീകര കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും മാത്രമാണു ലക്ഷ്യമിട്ടതെന്നു പ്രതികരിച്ചു. ഫെബ്രുവരി അവസാനം, യുഎസ്ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രകോപനമില്ലാതെ അതിര്‍ത്തി കടന്ന് അഫ്ഗാന്‍ താലിബാന്‍ വെടിയുതിര്‍ത്തെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം.