ലണ്ടന്‍: ഒപ്റ്റീഷ്യനെ സന്ദര്‍ശിച്ചപ്പോള്‍ മാറ്റ് വീയല്‍ വിചാരിച്ചത് പരമാവധി ഒരു പുതിയ കണ്ണട വാങ്ങേണ്ടി വരും എന്നാണ്. എന്നാല്‍, പരിശോധനയില്‍ തെളിഞ്ഞത് അയാള്‍ക്ക് ഗുരുതരമായ ഗ്ലൂക്കോമ എന്ന നേത്ര രോഗം ബാധിച്ചിട്ടുണ്ട് എന്നാണ്. അന്ധതക്ക് വരെ കാരണമായേക്കാവുന്ന ഈ രോഗം പക്ഷെ പലപ്പോഴും ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുന്‍പായി തിരിച്ചറിയാതെ പോകാറാണ് പതിവ്. ഒരു ഡസനിലധികം ചികിത്സകള്‍ നടത്തിയെങ്കിലും 54 കാരനായ വീയലിന് ഇപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് തന്റെ കണ്ണുകളിലെ പ്രഷറുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. താന്‍ പ്രതീക്ഷിച്ചതിലും ഗുരുതരമായി ഗ്ലോക്കോമ തന്നെ ബാധിച്ചു എന്ന് അയാള്‍ പറയുന്നു. ഇടതുകണ്ണിന്റെ കാഴ്ച 80 ശതമാനത്തോളം നഷ്ടപ്പെട്ടിരിക്കുകയാണ്. തന്നില്‍ രോഗം കണ്ടെത്തിയതിനു ശേഷം ശരിയായ രീതിയില്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നെങ്കില്‍, കാഴ്ച ശക്തി കുറയുന്നത് കണ്ടെത്തി തടയാന്‍ കഴിയുമായിരുന്നു എന്നും അയാള്‍ പറയുന്നു.

ബ്രിട്ടനില്‍ വൃദ്ധരുടെ സംഖ്യ വര്‍ദ്ധിച്ചു വരുന്നതോടെ, കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഗ്ലോക്കോമയുടെ ഭീഷണി നേരിടുകയാണ്. അതുകൊണ്ടു തന്നെ കണ്ണട ഉപയോഗിക്കാത്തവര്‍ പോലും കൃത്യമായ ഇടവേളകളില്‍ നേത്ര പരിശോധന നടത്തണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. നേരത്തെ കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ നല്‍കാനാകുമെന്നും അവര്‍ പറയുന്നു. എന്‍ എച്ച് എസ്സില്‍ അനുഭവപ്പെടുന്ന അമിതമായ തിരക്കില്‍ പല സുപ്രധാന ചികിത്സകളും ഇങ്ങനെ അവഗണിക്കപ്പെടുന്നതായും പരാതി ഉയരുന്നുണ്ട്.