മാഞ്ചസ്റ്റര്‍: ലണ്ടന് പുറത്ത്, ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് റോബര്‍ട്ട് ഡി നീരോ. അതിനായി നല്‍കിയ പ്ലാനുകള്‍ക്ക് ഈയാഴ്ച മാഞ്ചസ്റ്റര്‍ നഗരസഭ അംഗീകാരം നല്‍കി. നോബു മാഞ്ചസ്റ്റര്‍ എന്ന 807 അടി ഉയരമുള്ള കെട്ടിടത്തില്‍ 76 നിലകളായിരിക്കും ഉണ്ടാവുക. 160 മുറികളുള്ള ഒരു ഹോട്ടലും ഒരു റെസ്റ്റോറന്റും അതിനു പുറമെ 452 വീടുകളും ഇതില്‍ ഉണ്ടായിരിക്കും. മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലൂടെ കടന്നു പോകുന്ന ഡീന്‍സ്‌ഗെയ്റ്റ് റോഡിലാണ് കെട്ടിടം ഉയരുക.

ജാപ്പനീസ് റെസ്റ്റോറന്റ് ഭീമന്‍ നോബു മത്സുഹിസ, ഹോളിവുഡ് താരം ഡി നീരോ, അമേരിക്കന്‍ സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ മീര്‍ ടെപെര്‍ എന്നിവ ര്‍ ചേര്‍ന്ന് 1994 രൂപീകരിച്ച നോബു ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെ ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ആദ്യ സംരംഭമാണിത്.ഈ അംബര ചുംബിക്കൊപ്പം വയഡക്സ് 2 എന്ന ഈ പദ്ധതിയുടെ ഭാഗമായി ഒരു 23 നില കെട്ടിടവും പണി കഴിപ്പിക്കുന്നുണ്ട്. 360 മില്യന്‍ പൗണ്ടിന്റെ പദ്ധതിയാണിത്.

മാഞ്ചസ്റ്ററിലെ വീടുകളുടെ ലഭ്യതയില്‍ വന്ന ക്ഷാമം കുറയ്ക്കുന്നതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള രൂപകല്‍പനയോടെ വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് വയഡക്സ് എന്ന പദ്ധതിയുടെ ഉദ്ദേശമെന്ന് അവര്‍ പറയുന്നു. നോബു ഹോസ്പിറ്റാലിറ്റിയുമായി ചേര്‍ന്ന് ബ്രിട്ടനിലെ പ്രമുഖ ഡവലപ്പര്‍മാരായ സാല്‍ബോയ് ഗ്രൂപ്പ് ആയിരിക്കും ഇത് നിര്‍മ്മിക്കുക. 2017 ല്‍ ആയിരുന്നു മാഞ്ചസ്റ്ററിലെ ആര്‍ക്കിടെക്റ്റായ സിംപ്‌സണ്‍ ഹോ ആദ്യമായി ഇതിന്റെ പ്ലാന്‍ തയ്യാറാക്കിയത്.