ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 243പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകൾ. പ്രളയത്തിൽ ഏറ്റവും നാശനഷ്‌ടമുണ്ടായത് വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബുനർ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ ബുനറിൽ മാത്രം 157പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും ഒലിച്ചുപോയി.

ബുനറിൽ രക്ഷാപ്രവർത്തകരും ഹെലികോപ്‌ടർ സംവിധാനവും ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കി. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് സാധിക്കാത്തതും സാഹചര്യം രൂക്ഷമാക്കിയിട്ടുണ്ട്.

അതേസമയം, മൻസെഹ്ര ജില്ലയിൽ ഗ്രാമങ്ങളിൽ രണ്ടായിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടന്നിരുന്നു. ഇവരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം രക്ഷപ്പെടുത്തി. സിറാൻ വാലിയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. ബജൗറിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്‌ടർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടമായിരുന്നു.