- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ അനേകം വാസസ്ഥലങ്ങള്‍ വളഞ്ഞ് പോലീസ് സംഘം; പിടിച്ചെടുത്തത് ലക്ഷ കണക്കിന് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍
ലണ്ടനിലെ അനേകം വാസസ്ഥലങ്ങള്‍ വളഞ്ഞ് പോലീസ് സംഘം
ലണ്ടന്‍: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ലണ്ടന്‍ നഗരത്തിലെ 30 ഇടങ്ങളില്‍ ഒരേ സമയം നടന്ന ഒരു വന്‍ റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റെയ്ഡ് പ്രധാനമായും ഉന്നം വച്ചത് തലസ്ഥാനത്ത് വ്യാപകമാകുന്ന മൊബൈല്‍ ഫോണ്‍ മോഷണത്തില്‍ ഉള്‍പ്പെടുന്ന മോഷ്ടാക്കളേയും, ഇടനിലക്കാരെയും, സംഘത്തലവന്മാരെയുമായിരുന്നു. അതിനു രണ്ട് ദിവസം മുന്‍പാണ് ഒരു വര്‍ഷം മാത്രം 40,000 മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്ത രണ്ട് അഫ്ഗാന്‍ സംഘത്തലവന്മാരെ കാറില്‍ നിന്നും അറസ്റ്റ് ചെയ്ത്, കൈയാമം വെച്ച് തെരുവിലൂടെ കൊണ്ടുപോയത്.
ഇക്കൂട്ടത്തില്‍ വടക്കന്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ഒരു വീട്ടില്‍ നടന്ന റെയ്ഡില്‍ ബള്‍ഗേറിയന്‍ ദമ്പതികള്‍ അറസ്റ്റിലായി. നഗരത്തിരക്കില്‍, മോഷ്ടിക്കുന്ന ഫോണുകള്‍, സംഘത്തലവന്മാര്‍ക്ക് എത്തിച്ചു നല്‍കലായിരുന്നത്രെ ഇവരുടെ ജോലി. ഇവിടെ നിന്നും മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ പോകുന്നത് ഹോങ്കോംഗിലെ കൗലൂണ്‍ എന്ന ഒരു കൊച്ചു പട്ടണത്തിലേക്കാണ് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അത്യാവശ്യ മിനുക്കുപണികള്‍ക്ക് ശേഷം ഇത് വീണ്ടും വിപണിയിലെത്തും.
എന്‍ഫീല്‍ഡിലെ വീട്ടില്‍ നിന്നും പിടിക്കപ്പെട്ട ദമ്പതിമാര്‍ക്ക് ഫോണൊന്നിന് 200 മുതല്‍ 400 പൗണ്ട് വരെ ലഭിച്ചെന്നാണ് പറയുന്നത്. ഈ ഫോണുകളില്‍ 20 ശതമാനത്തോളം അയയ്ക്കുന്നത് അള്‍ജീരിയയിലേക്കാണ്. ബാക്കിയുള്ളത് ചൈനയിലും ഹോങ്കോംഗിലുമായി വിറ്റഴിക്കും. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിച്ച ഫോണുകള്‍ക്കുള്ള ആവശ്യകത ഏറെ ആയതിനാല്‍ ഇപ്പോള്‍ അവിടേക്കും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്.
ചൈനീസ് നിര്‍മ്മിത ഫോണുകള്‍ പലതും അത്ര എളുപ്പത്തില്‍ ഇന്റര്‍നെറ്റ് ആസക്സസ് സാധ്യമാക്കില്ല എന്നതിനാലാണ് യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനയില്‍ പ്രിയം വര്‍ദ്ധിക്കാന്‍ കാരണം. അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള ഹോങ്കോംഗ് അതുകൊണ്ടാണ് മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഇടത്താവളമായത്.