- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി കുറഞ്ഞു, ശ്വാസ തടസ്സവും നീങ്ങി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി; കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ചികിത്സയില്‍
പനി കുറഞ്ഞു, ശ്വാസ തടസ്സവും നീങ്ങി
റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യനിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ തുടരുമെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ശ്വാസം മുട്ടല്‍ അലട്ടിയിരുന്നു അദ്ദേഹത്തെ. ആരോഗ്യനില മോശമായതോടെയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക കഫം മൂലമാണ് ശ്വാസതടസം ഉണ്ടായത്. നിലവില്‍ മാര്‍പാപ്പ രാത്രി നന്നായി ഉറങ്ങിയതായും പനി ഭേദമായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും പോപ്പ് നേരിടുന്നുണ്ട്. ഇതിനുള്ള ചികിത്സകള്‍ തുടരുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2013 മുതല്‍ കത്തോലിക്കാ നേതാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന് പലപ്പോഴായി പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ചെറുപ്പത്തില്‍ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ച് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാന്‍ കാരണം.
2024 ഡിസംബര്‍ പകുതി മുതല്‍ ശ്വാസ കോശസംബന്ധമായ പ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുകയാണ്. ജനുവരിയിലും ഫെബ്രുവരിയിലും നടന്ന നിരവധി പരിപാടികളില്‍ തന്റെ പ്രസംഗങ്ങള്‍ നേരിട്ട് വായിക്കാന്‍ അദ്ദേഹം സഹായികളോട് ആവശ്യപ്പെടുകയായിരുന്നു. പോപ്പിന് പ്രത്യേക വാര്‍ഡുള്ള റോമിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെമെല്ലി ആശുപത്രി. 2023 ജൂണില്‍ ഒരു ഹെര്‍ണിയ ശസ്ത്രക്രിയക്കു ശേഷം പോപ് ഒമ്പത് ദിവസമാണ് ഇവിടെ ചെലവഴിച്ചത്.