ന്യൂയോര്‍ക്ക്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച, ഹാരി രാജകുമാരന്റെ വിസ അപേക്ഷ രേഖകള്‍ പുറത്ത്.അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ പ്രത്യേക പരിഗണനകള്‍ ഒന്നും തന്നെ ഹാരിക്ക് ലഭിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. ബാധകമായ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചു തന്നെയാണ് ഹാരി വിസയ്ക്കായി അപേക്ഷിച്ചതെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഒരു നിയമജ്ഞന്‍ പറഞ്ഞു. ഹെറിറ്റേജ് ഫൗണ്ടെഷന്‍ ഹാരിയുടെ വിസ അപേക്ഷകളുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇന്നലെയായിരുന്നു രേഖകള്‍ പുറത്താക്കിയത്.

ഹാരിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പിടിച്ചു വെച്ച ആറ് രേഖകളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഭാഗികമായിട്ടാണെങ്കിലും ഈ രേഖകള്‍ പുറത്തു വിട്ടതോടെ ഹാരിക്ക് ഈ കേസില്‍ ആശ്വാസം ലഭിച്ചിരിക്കുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തന്റെ ഓര്‍മ്മക്കുറിപ്പുകളായ സ്പെയറിലും നെറ്റ്ഫ്‌ലിക്സ് സീരീസിലുമായിരുന്നു ഹാരി തന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.