റിയാദ്: സൗദി ഗ്രാന്റ് മുഫ്തിയും മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ് അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യമെന്ന് റോയല്‍ കോടതി അറിയിച്ചു.

മയ്യിത്ത് നമസ്‌കാരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വൈകീട്ട് നടക്കും. 1999ലാണ് അല്‍ ശൈഖ് സൗദി ഗ്രാന്റ് മുഫ്തിയായി നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചു.