കൊളംബോ: ശ്രീലങ്കയിൽ കുതിച്ചെത്തിയ ട്രെയിൻ ഇടിച്ചുകയറി ആറ് ആനകൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ കൊളംബോയ്ക്ക് കിഴക്കുള്ള ഹബരാനയിൽ ഒരു വൈൽഡ്‌ലൈഫ് റിസേർവിന് സമീപമായിരിന്നു ദാരുണ അപകടം നടന്നത്. ആനക്കൂട്ടത്തെ ഇടിച്ച ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാരിൽ ആർക്കും സംഭവത്തിൽ പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ലോകത്ത് ആനയും മനുഷ്യനും തമ്മിലെ സംഘർഷം ഏറ്റവും കൂടിയ ഇടങ്ങളിലൊന്നാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം 170ലേറെ മനുഷ്യർക്കും 500ഓളം ആനകൾക്കും ഇത്തരം സംഭവങ്ങളിൽ ജീവൻ നഷ്ടമായി. പ്രതിവർഷം 20 ആനകൾ രാജ്യത്ത് ട്രെയിൻ ഇടിച്ച് ചരിയുന്നുണ്ടെന്നാണ് കണക്ക്. വനനശീകരണവും ആവാസവ്യവസ്ഥയുടെ നാശവും മൂലം ആനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് പതിവാണ്. ഏകദേശം 7,000 കാട്ടാനകൾ ശ്രീലങ്കയിൽ ഉണ്ടന്ന് കരുതുന്നു.