ലണ്ടന്‍: ഇറാന്‍ യുദ്ധ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട അവഹേളനങ്ങള്‍ സ്റ്റാര്‍മര്‍ക്ക് അനുകൂലമായ ഒരു തരംഗം ബ്രിട്ടനിലുണ്ടാകാന്‍ ഇടയായി എന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ കുതിച്ചുയരുകയായിരുന്ന റിഫോം പാര്‍ട്ടിയുടെ വളര്‍ച്ച ഇപ്പോള്‍ മന്ദഗതിയിലായിട്ടുണ്ട്. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാതിരുന്നതിനായിരുന്നു കുപിതനായ ട്രംപ് സ്റ്റാര്‍മറെ ഏറെ അധിക്ഷേപിച്ചത്. സ്റ്റാര്‍മര്‍, ചര്‍ച്ചില്‍ അല്ലെന്നും, സ്റ്റാര്‍മറുടെ പ്രവൃത്തിയില്‍ താന്‍ അസംതൃപ്തനാണെന്നുമൊക്കെയായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ഏറ്റവും ഒടുവിലായി യു ഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടി 2 പോയിന്റുകള്‍ അധികം നേടി 19 പോയിന്റിലെത്താന്‍ ട്രംപിന്റെ വാമൊഴികള്‍ സഹായിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിക്ക് തന്നെയാണ് ഇപ്പോഴും വ്യക്തമായ മുന്‍തൂക്കമെങ്കിലും, തൊട്ടു മുന്‍പത്തെ സര്‍വ്വേയില്‍ ലഭിച്ചതിനേക്കാള്‍ 2 പോയിന്റ് കുറവാണ് അവര്‍ക്ക് ഇത്തവണ ലഭിച്ചത്. 23 ശതമാനമാണ് റിഫോം യു കെയുടെ ഏറ്റവും പുതിയ സ്‌കോര്‍.

ഗ്രീന്‍സിന് 18 ശതമാനം ലഭിച്ചപ്പോള്‍ 17 ശതമാനം ലഭിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. അതേസമയം, അഭിപ്രായ സര്‍വ്വേയ്ക്കായി യു ഗവ് സ്വീകരിച്ചിരിക്കുന്ന തന്ത്രമാണ് റിഫോം യു കെയുടെ ജനപിന്തുണ കുറച്ചു കാണിക്കുന്നതെന്ന് നെയ്ജല്‍ ഫരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍, മറ്റ് സര്‍വ്വേകളും ഏതാണ്ട് സമാനമായ ഫലങ്ങളാണ് കാണിക്കുന്നത്. അമേരിക്കന്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ഇടപെടുന്നതിനോട് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും താത്പര്യമില്ലെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.