ലണ്ടന്‍: കൂള്‍ ബ്രിട്ടാനിയ ഐക്കണും ബ്രിട്ടീഷ് സൂപ്പര്‍ മോഡലുമായി ജോര്‍ജിന കൂപ്പര്‍ അന്തരിച്ചു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം കഴിഞ്ഞ സാഹചര്യത്തിലാണ് നാല്‍പ്പത്തിയാറാം വയസ്സില്‍ ഇവര്‍ മരണമടയുന്നത്. ഗ്രീക്കിലെ ഒരു ദ്വീപില്‍ വെച്ചായിരുന്നു മരണം. സഹപ്രവര്‍ത്തകരായ ജെയ്ഡ് പാര്‍ഫിറ്റ്, എറിന്‍ ഓ കോണര്‍, ജോഡീ കിഢ്, ഹെലെന ക്രിസ്റ്റെന്‍സെന്‍ തുടങ്ങി നിരവധി പേര്‍ അനുശോചന സന്ദേശവുമായി എത്തി. ഒരു പ്രകാശ രശ്മിയായിരുന്നു അവരെന്നും തന്റെ മേഖലയില്‍ അതുല്യമായ നേട്ടം കൈവരിച്ച വ്യക്തിയായിരുന്നു എന്നും അവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു കുട്ടിയുടെ മാതാവായ അവര്‍ തന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് നിജെലും ഒന്നിച്ച് ഗ്രീക്കിലെ കോസ് ദ്വീപില്‍ ആയിരിക്കുമ്പോഴായിരുന്നു രോഗബാധിതയാകുന്നത്.

ആദ്യം അവരെ ദ്വീപിലെ പ്രധാന ദ്വീപിലെത്തിച്ചെങ്കിലും രോഗം ഗുരുതരമായതിനാല്‍ എയര്‍ ആംബുലന്‍സില്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ക്രീറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ ഇന്റെന്‍സീവ് കെയറില്‍ അഞ്ച് ദിവസത്തോളം ചികിത്സയില്‍ ഇരുന്നതിന് ശേഷമാണ് അവര്‍ മരണമടയുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ട രാജ്യമാണ് ഗ്രീക്ക് എന്ന് എപ്പോഴും അവര്‍ പറയുമായിരുന്നു. നേരത്തെ കോവിഡ് ബാധിച്ച ഇവര്‍ ചില ആരോഗ്യ പ്രശ്നങ്ങളുമായി മല്ലടിക്കുകയായിരുന്നു. ഇടയ്ക്കിടെ ആശുപത്രി സന്ദര്‍ശനവും പതിവായിരുന്നു. എന്നിരുന്നാലും, ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകള്‍ അവര്‍ക്കുണ്ടായിരുന്നതായി അടുത്ത സുഹൃത്തുകള്‍ പറയുന്നു.

13 വയസ്സുള്ളപ്പോഴാണ് അവര്‍ മോഡലിംഗ് രംഗത്തേക്ക് വരുന്നത്. 15 വയസ്സുള്ളപ്പോള്‍ ഒരു ബോണ്‍ ജോവി മ്യൂസിക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അവര്‍ പ്രശ്ശസ്തിയിലേക്ക് ഉയരുന്നത്. പിന്നീട് 1990 കളില്‍ അവര്‍ മോഡലിംഗ് രംഗത്ത് നിറഞ്ഞു നിന്നു. ഫാഷന്‍ രംഗത്ത് ഏറെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ കോറിന്‍ ഡേയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ യു എസ് വോഗ്, ദി ഫേസ് മാസികകളുടെ മുഖചിത്രമായിട്ടും ഉണ്ട്.