പാരിസ്: ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് വിവരം. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒഎഫ്എംഐഎന്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.