ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട്, ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ആയിരങ്ങളാണ് ഇന്നലെ പാര്‍ലമെന്റ് ചത്വരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. അന്‍പതോളം യൂണിയനുകളുടെയും ചാരിറ്റികളുടെയും കൂട്ടായ്മയായ സ്റ്റോപ്പ് ട്രംപ് എന്ന സഖ്യമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ബ്രിട്ടീഷ് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ലണ്ടനിലെ പോര്‍ട്ട്‌ലാന്‍ഡ് പ്ലേസില്‍ നിന്നും വൈറ്റ്‌ഹോളിലേക്ക് പ്രകടനം നീങ്ങിയത്. 'വംശീയത തുലയട്ടെ', 'നൊ ടു ട്രംപ് ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. 'ഇസ്രയേലിന് ആയുധം നല്‍കുന്നത് നിര്‍ത്തുക' എന്ന മുദ്രാവാക്യവും റാലിയില്‍ നിറഞ്ഞുനിന്നു.

കൂട്ടത്തില്‍ ചിലര്‍, 2019 ലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കാന്‍ ഉയര്‍ത്തിയ ട്രംപ് ബേബി ബ്ലിംപിന്റെ ചെറു പതിപ്പുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അയ്യായിരത്തോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു എന്നാണ് മെട്രോപോളിറ്റന്‍ പോലീസിന്റെ കണക്കുകള്‍ പറയുന്നത്. പ്രകടനക്കാരെ നിയന്ത്രിക്കാന്‍ എകദേശം 1600 പോലീസുകാരെ വിന്യസിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുതല്‍, വംശീയ വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരും, പാലസ്തീന്‍ അനുകൂലികളുമൊക്കെ സ്റ്റോപ്പ് ട്രംപ് സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ട്രംപ് പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നില്ലെങ്കിലും, ട്രംപിസത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നതിനാലാണ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം അരങ്ങേറിയതെന്ന് സംഘാടകര്‍ അറിയിച്ചു. സമാധാനം, സാമൂഹ്യ നീതി, അന്താരാഷ്ട്ര സഹകരണം എന്നിവയില്‍ അടിസ്ഥിതമായ ഒരു ബദല്‍ ജനാധിപത്യമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.