ലണ്ടന്‍: ബ്രിട്ടനില്‍ ഒരു കെയര്‍ ഹോമില്‍ പ്രായമേറിയ മൂന്ന് അന്തേവാസികള്‍ ഒരു രാത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വനിത അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. നരഹത്യയ്ക്കാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 74 ഉം 91 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും86 വയസ്സുള്ള ഒരു സ്ത്രീയുമാണ് ഒരേ രാത്രിയില്‍ മരണമടഞ്ഞതെന്ന് ഡോര്‍സെറ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍, 74 കാരന്റെയും 86 കാരിയുടെയും സ്വാഭാവിക മരണമായിരുന്നു എന്നും പോലീസ് പറയുന്നു.

എന്നാല്‍, അതേ ദിവസം രാത്രി തന്നെ 91 കാരനായ ജോണ്‍ മൊറൂസ് ഡ്രേക്ക് എന്ന 91 കാരന്‍ മരിച്ചത് വൃക്കയില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു. ആകാവുന്നതിലും അധികകാലം ഉപയോഗിച്ച കത്തീറ്റര്‍ കാരണം ബ്ലാഡര്‍ ബ്ലോക്കേജ് ഉണ്ടായതാണ് അണുബാധക്ക് കാരണമായത്. ഡിമെന്‍ഷ്യ ബാധിച്ച രോഗികള്‍ക്ക് കെയര്‍ സേവനം ഒരുക്കുന്ന സ്ഥാപനത്തിലായിരുന്നു ഇത് സംഭവിച്ചത്. വിവരമറിഞ്ഞ് എമര്‍ജന്‍സി വിഭാഗം ഉടനടി സ്ഥലത്ത് എത്തിയിരുന്നു.

കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയാകാം മരണകാരണമെന്നായിരുന്നു ആദ്യം കരുതിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ നാല്‍പതിലധികം അന്തേവാസികളെയും ജീവനക്കാരെയും അവിടെനിന്നും മാറ്റുകയും ചെയ്തു. തുടര്‍ന്ന് കെയര്‍ ഹോം മാനേജര്‍ ആയ 64 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് കേസ് ചാര്‍ജ്ജ് ചെയ്യാതെ അവരെ വിട്ടയയ്ക്കുകയായിരുന്നു.