ലണ്ടന്‍: നിങ്ങളുടെ ജെന്‍ഡര്‍, പ്രായം എന്നിവയെ അടിസ്ഥാനമാക്കി ഇനി നിങ്ങള്‍ എത്രകാലം ജീവിച്ചിരിക്കും എന്ന് അറിയുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ ഗാഡ്ജറ്റ് വികസിപ്പിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒ എന്‍ എസ്). സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് പഠന വിധേയമാക്കുന്ന സ്ഥാപനത്തിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് 2023 ല്‍ ജനിച്ച ഒരു ആണ്‍കുട്ടി ശരാശരി9 86.7 വയസ്സ് വരെയാണ് ജീവിക്കുക. അതേസമയം പെണ്‍കുട്ടികള്‍ക്ക് ആയുസ്സ് കൂടുതലുണ്ട്. ഇതേ കാലത്ത് ജനിച്ച ഒരു പെണ്‍കുട്ടി ശരാശരി 90 വയസ്സ് വരെ ജീവിക്കും എന്നാണ് അവര്‍ പറയുന്നത്.

അതേസമയം 2047 ല്‍ ജനിച്ച ആണ്‍കുട്ടി 89.3 വയസ്സുവരെ ജീവിക്കുമ്പോള്‍ പെണ്‍കുട്ടി ജീവിക്കുക 92.2 വയസ്സുവരെയായിരിക്കും. 2020 ലെ പ്രൊജക്ഷനുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. അതായത്, പ്രതീക്ഷിച്ച രീതിയില്‍ മരണ നിരക്ക് കുറയ്ക്കാന്‍ ആയിട്ടില്ല എന്ന് ചുരുക്കം. 2023 ല്‍ 65 വയസ്സുള്ള ഒരു വ്യക്തി, പുരുഷനാണെങ്കില്‍ ഇനിയും 19.8 വര്‍ഷവും സ്ത്രീയാണെങ്കില്‍ 22.5 വര്‍ഷവും ജീവിച്ചിരിക്കും എന്നും ഒ എന്‍ എസ് പറയുന്നു.

2047 ആകുമ്പോഴേക്കും ഇത് യഥാക്രമം 21.8 വര്‍ഷവും 24.4 വര്‍ഷവുമായി ഉയരും. 2023 ല്‍ ജനിച്ചവരില്‍ 11.5 ശതമാനം ആണ്‍കുട്ടികളും 17.9 ശതമാനം പെണ്‍കുട്ടികളും 100 വയസ്സുവരെ ജീവിക്കുമെന്നും ഒ എന്‍ എസ് കണക്കുകൂട്ടുന്നു. 2020 ലെ പ്രൊജക്ഷനുകളെ അടിസ്ഥാനമാക്കി നടത്തിയ മറ്റൊരു പഠനത്തില്‍ പറയുന്നത് 2047 ല്‍ ജനിച്ചവരില്‍ 21.5 ശതമാനം ആണ്‍കുട്ടികളും 27.7 ശതമാനം പെണ്‍കുട്ടികളും അവരുടെ ജീവിതത്തില്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കും എന്നാണ്.