ധാക്ക: ലേബര്‍ പാര്‍ട്ടി എം പിയും, മുന്‍ മന്ത്രിയുമായ ടുളിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി നാലുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇന്നലെയായിരുന്നു ഹൈഗെയ്റ്റ് എം പിയുടെ അസാന്നിദ്ധ്യത്തില്‍ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ധാക്കയിലെ പൂര്‍ബാഞ്ചല്‍ ന്യൂ ടൗണ്‍ പ്രൊജക്റ്റില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്ഥലം കൈവശപ്പെടുത്താന്‍ അനധികൃതമായി ശ്രമിച്ചു എന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട അഴിമതി കുറ്റങ്ങള്‍ക്ക് കഷ്ടിച്ച് ഒരു മാസം മുന്‍പ് ഇതേ കോടതി ഇവരെ രണ്ടുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. തികച്ചും അനീതികരമായ വിധിയാണെന്നും, കംഗാരു കോടതിയാണ് കേസ് വിചാരണ ചെയ്ത് വിധി പ്രഖ്യാപിച്ചതെന്നും അന്ന് അവര്‍ പ്രതികരിച്ചിരുന്നു.

മാത്രമല്ല, വിധി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. ബംഗ്ലാദേശിലെ വൃത്തികെട്ട രാഷ്ട്രീയം തന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ പുറത്തു വന്ന വിധിയില്‍ ടുളിപ് സിദ്ദിഖിക്കൊപ്പം അവരുടെ ഇളയ സഹോദരി അസ്മിന, മൂത്ത സഹോദരന്‍ റാഡ്വാന്‍ എന്നിവര്‍ക്കും ഏഴ് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.