ലണ്ടന്‍: ബ്രിട്ടനിലെ തിരക്കേറിയ ഒരു പര്‍വ്വത മേഖലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ തടാകത്തില്‍ നീന്തുന്നതിനിടയില്‍ രണ്ട് സ്ത്രീകള്‍ മരവിച്ചു മരിച്ചു. വെയ്ല്‍സിലെ നാന്റ് ഗ്വയിനന്റിലുള്ള വാറ്റ്കിന്‍ പാത്തിലെ തടാകത്തിലാണ് സംഭവം നടന്നത്. രാത്രി ഒന്‍പതര മണിയോടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അതില്‍ ഒരാളെ വലിച്ച് കരയില്‍ കയറ്റിയിരുന്നു.മറ്റെയാള്‍ അപ്പോഴും തടാകത്തില്‍ തന്നെയായിരുന്നു.

സ്നോഡോണിയ പര്‍വ്വത നിരകളിലെ ഒരു വെള്ളച്ചാട്ടത്തില്‍ നിന്നും ഉദ്ഭവിക്കുന്ന തടാകത്തില്‍ സായാഹ്നത്തില്‍ നീന്തുവാന്‍ പോയതായിരുന്നു ഇരുവരും. യഥാര്‍ത്ഥ മരണകാരണം അറിയുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തോ പരിസരത്തോ, ഇതെ സമയം ഉണ്ടായിരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.