ദുബായ്: 2015 മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്തവരുടെ എണ്ണം 100 കോടി കടന്നു. ഫെഡറല്‍ കോംപിറ്ററ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കടന്നുപോയ വിമാനങ്ങളുടെ എണ്ണം ആകെ 64 ലക്ഷം കടന്നിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ സുപ്രധാനമായ വളര്‍ച്ച കൈവരിക്കാന്‍ വ്യോമയാന മേഖലക്ക് സാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യോമ ഗതാഗത ഗുണനിലവാര സൂചികയില്‍ യു.എ.ഇ ആഗോള തലത്തില്‍ യു.എ.ഇ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതോടൊപ്പം മറ്റു അഞ്ച് സൂചികകകളില്‍ ലോക തലത്തില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

രാഷ്ട്ര നേതൃത്വത്തിന്റെ ദീര്‍ഘദൃഷ്ടിയുടെയും, പ്രാദേശികമായും ആഗോളതലത്തിലും സുപ്രധാന മേഖലയില്‍ മല്‍സരക്ഷമതയും വളര്‍ച്ചയും ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് നേട്ടമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. വ്യോമയാന മേഖല ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ വലിയ രൂപത്തില്‍ സംഭാവന ചെയ്യുന്ന രംഗമായി വളര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സിവില്‍ ഏവിയേഷന്‍ മേഖല കൈവരിച്ച അസാധാരണ നേട്ടങ്ങള്‍ക്ക് കാരണം നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സ്വീകരിച്ച ദേശീയ തന്ത്രങ്ങളുടെയും സംരംഭങ്ങളുടെയും വിജയമാണെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജി.സി.എ.എ) ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. വളരെ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ഈ മേഖല ഭാവിയെ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, യു.എ.ഇ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 2015ല്‍ 11.48 കോടിയായിരുന്നത് നിന്ന് 2024ല്‍ 14.78 കോടിയായി ഉയര്‍ന്നിട്ടുണ്ട്.