ദുബായ്: മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് വസ്തുക്കളും സംബന്ധിച്ച നിയമത്തിലെ ചില വകുപ്പുകള്‍ യുഎഇ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ ഫെഡറല്‍ ഉത്തരവിന്റെ ഭാഗമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കര്‍ശനമാക്കി. പ്രിസ്‌ക്രിപ്ഷനില്ലാതെ നാര്‍ക്കോട്ടിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസികള്‍ക്കും ലൈസന്‍സില്ലാതെ നാര്‍ക്കോട്ടിക് മരുന്നുകള്‍ എഴുതിക്കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കും കുറഞ്ഞത് അഞ്ചുവര്‍ഷം ജയില്‍ശിക്ഷയും 50,000 ദിര്‍ഹത്തില്‍ താഴെയല്ലാത്ത പിഴയും വിധിക്കുമെന്ന് നിയമത്തില്‍ വ്യക്തമാക്കി. ഇത് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കുറ്റമായി കണക്കാക്കപ്പെടും.

സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ലഹരി ചികിത്സ, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വ്യവസ്ഥയായി. ഫെഡറല്‍, ലോക്കല്‍ ആരോഗ്യ അതോറിറ്റികളോടൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള അനുമതി നല്‍കുന്നു. വിദേശികള്‍ മയക്കുമരുന്ന് കേസില്‍ കുറ്റക്കാരാണെന്ന് തെളിയുന്ന പക്ഷം കര്‍ശനമായ നാടുകടത്തല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുറ്റം സംഭവിച്ച സമയത്ത് പ്രതി യുഎഇ പൗരന്റെ ജീവിതപങ്കാളിയോ അടുത്ത ബന്ധുവോ ആയാലും കുടുംബം രാജ്യത്ത് താമസിക്കുന്നതും നാടുകടത്തുന്നതിലൂടെ കുടുംബത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കോടതി വിലയിരുത്തുന്ന സാഹചര്യത്തിലും നിയമത്തില്‍ ഇളവുകള്‍ നല്‍കും.

മയക്കുമരുന്ന് ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അധികാരികളെയും പുതുക്കി നിശ്ചയിച്ചു. ആരോഗ്യമന്ത്രാലയത്തിലേക്കുള്ളവ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പുതിയ റെഗുലേറ്ററി ഏജന്‍സിയിലേക്കും ആഭ്യന്തര മന്ത്രാലയത്തേക്കുള്ളവ നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്സ് അതോറിറ്റിയിലേക്കും മാറ്റി. ശാസ്ത്രീയ, വൈദ്യശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്കായി മയക്കുമരുന്ന് കൈവശംവെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ലൈസന്‍സിംഗ് വ്യവസ്ഥകളും പുതുക്കി.

മെഡിക്കല്‍ ഉല്‍പ്പന്ന നിര്‍മാണം, സംഭരണം, വിതരണം, കെമിക്കല്‍ ടെസ്റ്റിംഗ് ലാബുകള്‍, റിസര്‍ച്ച് സെന്ററുകള്‍ എന്നിവയ്ക്ക് ആവശ്യമായ അനുമതി ലഭ്യമാകും. മയക്കുമരുന്ന് വ്യാപനം തടയാനും സമൂഹസുരക്ഷ ശക്തിപ്പെടുത്താനും നീതിയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നിയമഭേദഗതികള്‍.