ലണ്ടന്‍: മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റുന്നതിന്റെ ഭാഗമായി 17 രാജ്യങ്ങള്‍ താണ്ടി യു കെയിലെത്തിയ ഇന്ത്യാക്കാരന്റെ ബൈക്ക് ഇവിടെ വെച്ച് മോഷണം പോയി. യോഗേഷ് അലേകരിയുടെ കെ ടി എം 390 അഡ്വെഞ്ചര്‍ മോട്ടോര്‍ബൈക്കാണ് നോട്ടിംഗ്ഹാമിലെ വൊളാറ്റോണ്‍ പാര്‍ക്കില്‍ വെച്ച് മോഷണം പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മോഷണം നടന്നത്. കള്ളന്‍ ബൈക്ക് ഓടിച്ചു കൊണ്ടുപോവുകയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള 33 കാരനായ അലെകരിക്ക് നഷ്ടമായത് ബൈക്ക് മാത്രമല്ല, അതില്‍ സൂക്ഷിച്ചിരുന്ന 15,000 പൗണ്ട് വിലവരുന്ന സാധനങ്ങളും നഷ്ടമായി.മാക്ബുക്ക് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, രണ്ട് ക്യാമറകള്‍, പണം, പാസ്സ്‌പോര്‍ട്ട് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ മെയ് 1 ന്‍ മുംബൈയില്‍ നിന്നാണ് അലെകരി യാത്ര ആരംഭിച്ചത്. ഇറാന്‍, ചൈന, ഉസ്ബക്കിസ്ഥാന്‍, കസക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, യൂറോപ്പിലെത്തി ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എനീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് യു കെയില്‍ എത്തിയത്.

ഒരു ബൈക്കര്‍ ഇവന്റില്‍ പങ്കെടുക്കാന്‍ നോട്ടിംഗ്ഹാമില്‍ എത്തിയ അയാള്‍, അവിടെ നിന്നും ഓക്സ്‌ഫോര്‍ഡിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനു മുന്‍പായിട്ടായിരുന്നു വൊളടന്‍ പാര്‍ക്കില്‍ വാഹനം പാര്‍ക്ക് ചെയ്തത്. തിരക്കുള്ള സ്ഥലമായതിനാല്‍ പാര്‍ക്ക് ചെയ്യുന്നത് സുരക്ഷിതമായിരിക്കുമെന്ന ചിന്തയാലാണ് അവിടെ പാര്‍ക്ക് ചെയ്തതെന്നും അയാള്‍ പറഞ്ഞു. പാര്‍ക്ക് ചെയ്ത്, റോഡ് മറികടന്ന് പ്രാതല്‍ കഴിക്കാന്‍ പോയി തിരികെവന്ന ഒരു മണിക്കൂര്‍ സമയത്തിനിടയിലാണ് മോഷണം നടന്നത്.