ലണ്ടന്‍: ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറില്‍ നടന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിലച്ചതിനാല്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ ബ്രിട്ടീഷ് സമ്പദ്ഘടനക്ക് വളരാനായത് കേവലം 0.1 ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 26 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പുറത്തു വിട്ട കണക്കുകള്‍ കാണിക്കുന്നത് ജി ഡി പിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 0.1 ശതമാനത്തിന്റെ ഇടിവുണ്ടായി എന്നാണ്. ഹാക്കിംഗിനെ തുടര്‍ന്ന് കാര്‍ നിര്‍മ്മാണം കഴിഞ്ഞ 73 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വന്നിരുന്നു.

മോട്ടോര്‍ വാഹനങ്ങള്‍, ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഉണ്ടായ 28.6 ശതമാനത്തിന്റെ ഇടിവിനെ തുടര്‍ന്ന് മൊത്തം ഉല്പാദനത്തില്‍ 2.0 ശതമാനത്തിന്റെ കുറവ് ഉണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കില്‍ പറയുന്നു.എന്നാല്‍, സമ്പദ്ഘടനയുടെ തകര്‍ച്ച സൈബര്‍ ആക്രമണത്തിന് മുന്‍പേ ആരംഭിച്ചിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റില്‍, സൈബര്‍ ആക്രമണത്തിന് മുന്‍പ് തന്നെ 0.1 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നിടത്ത് പൂജ്യം ശതമാനം വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയത്.

മൂന്നാം പാദത്തിലെ 0.1 ശതമാനം വളര്‍ച്ച, ഏപ്രില്‍ - ജൂണ്‍ കാലയളവിലെ 0.3 ശതമാനം വളര്‍ച്ചയേക്കാള്‍ വളരെ കുറവായിരുന്നു. എന്ന് മാത്രമല്ല, വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്ന 0.2 ശതമാനം വളര്‍ച്ചയേക്കാളും കുറവായിരുന്നു. പ്രതീക്ഷിച്ചതിലും കുറവായ വളര്‍ച്ച നിരക്ക് ഡിസംബറില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പലിശ നിരക്ക് 4 ശതമാനമായി തുടരാന്‍ ബാങ്കിന്റെ നയ രൂപീകരണ സമിതി തീരുമാനിച്ചത്.