ലണ്ടന്‍: റഫ്രിജറേറ്റ് ചെയ്ത ലോറിയില്‍ യു കെയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ എന്ന് സംശയിക്കപ്പെടുന്ന, ഒരു കുട്ടിയടക്കം 16 അനധികൃത കുടിയേറ്റക്കാര്‍ തികച്ചും നാടകീയമായി പിടിയിലായി. സറേയിലെ, തിരക്കേറിയ ഒരു റോഡരികിലാണ് ഇവര്‍ പിടിയിലായത്. സംശയാകുലരായ പൊതുജനങ്ങളില്‍ ചിലര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് എം 25 ല്‍ റീഗെയ്റ്റിനും ലെതെര്‍ഹെഡിനും ഇടയിലായി പോലീസ്, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

പട്രോള്‍ കാറുകള്‍ ഉള്‍പ്പടെ പത്തോളം പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു ട്രക്കിന്റെ വഴി തടഞ്ഞത്. പിടികൂടിയവരുടെ കൂട്ടത്തില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. കമ്പിളി പുതപ്പുകളും തുണി സഞ്ചികളും അല്ലാതെ ഇവരുടെ കൈയ്യില്‍ മറ്റ് സാധനങ്ങളൊന്നും ഏറെയില്ലെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശൈത്യകാല വസ്ത്രങ്ങളും, തൊപ്പിയും, സ്‌കാര്‍ഫുകളും, കൈയുറകളും ധരിച്ചായിരുന്നു ഇവര്‍ ഈ അപകടം പിടിച്ച യാത്രയ്ക്ക് മുതിര്‍ന്നത്. വാനിനുള്ളില്‍ അടുക്കി വെച്ച നീല പാലറ്റുകള്‍ക്കിടയിലായിരുന്നു ഇവര്‍ ഒളിച്ചിരുന്നിരുന്നത്. വാന്‍ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.