ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാനായി ബ്രിട്ടീഷ് ഇന്‍ഡോ പസഫിക് കാര്യ മന്ത്രി സീമ മല്‍ഹോത്ര ഇന്ത്യയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കുന്നതോടെ, സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതില്‍ അവര്‍ ആശങ്കയും പ്രകടിപ്പിച്ചു. പുതിയ നിയമമനുസരിച്ച് ചില കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും. മറ്റുള്ളവര്‍ക്ക് ഇത് അഞ്ച് വര്‍ഷമായിരുന്നത് പത്ത് വര്‍ഷമായി നീട്ടുകയും ചെയ്തു.

2021 മുതല്‍ ബ്രിട്ടനിലെത്തിയ ഏകദേശം 26 ലക്ഷത്തോളം വിദേശികളെ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധിക്കും എന്നാണ് കണക്കാക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ നയത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ലേബര്‍ പാര്‍ട്ടിയിലെ ചില എം പിമാര്‍ തന്നെ ഇതിന് എതിരായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, കുടിയേറ്റ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ലോകത്തിലെ മറ്റ് പല രാജ്യങ്ങളും എടുക്കുന്ന നടപടികള്‍ക്ക് സമാനമായതാണ് ബ്രിട്ടനും കൈക്കൊള്ളുന്നത് എന്നാണ് ചെന്നൈയില്‍ വെച്ച് സീമ മല്‍ഹോത്ര ബി ബി സിയോട് പറഞ്ഞത്. അതേസമയം, നിയമപരമായി എത്തുന്നവരെ സ്വീകരിക്കു എന്ന സന്ദേശവും ബ്രിട്ടന്‍ നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നായി സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയ 16,000 പേരോളമാണ് ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ജൂണ്‍ വരെ മറ്റൊരു 14,800 പേര്‍ കൂടി ഈ വിധത്തില്‍ അഭയത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ എത്ര ഇന്ത്യാക്കാരുണ്ടെന്നത് വ്യക്തമല്ല എന്നും അവര്‍ പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയിലെക്ക് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവര്‍ പറഞ്ഞു. പക്ഷെ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.