- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ബ്രിട്ടനില്‍ ആഞ്ഞ് വീശുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്; അനേകം വിമാനങ്ങളും ട്രെയിനുകളും റദ്ദ് ചെയ്തു; സ്കോട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ അടച്ചു
ഇന്ന് ബ്രിട്ടനില്‍ ആഞ്ഞ് വീശുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്
ലണ്ടന്‍: ചരിത്രത്തില്‍ ഒരിക്കല്‍ എന്നൊക്കെ പറയുന്ന തരത്തിലുള്ള മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കാനിരിക്കെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. യു കെയില്‍ അങ്ങോളമിങ്ങോളം നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നൂറു കനക്കിന് വിമാന സര്‍വ്വീസുകളും ആയിരക്കണക്കിന് ട്രെയിന്‍ സര്‍വ്വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഏകദേശം 50 ലക്ഷം ബ്രിട്ടീഷുകാരുടെ ഫോണിലാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് വന്നത്. ഈ പുതിയ മുന്നറിയിപ്പ് സംവിധാനം നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഒരു യഥാര്‍ത്ഥ ദുരന്ത സാഹചര്യത്തില്‍ ഇത് ഉപയോഗിക്കുന്നത്.
ഇന്ന് അതിരാവിലെയായിരിക്കും അതിതീവ്ര കൊടുങ്കാറ്റായ ഇയോവിന്‍ കരയെ സ്പര്‍ശിക്കുക. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കാറ്റ് മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത കൈവരിക്കും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. കെട്ടിടങ്ങളില്‍ നിന്നും മറ്റും പറന്നുയരുന്ന വസ്തുക്കള്‍ ജീവന് അപകടമുണ്ടാക്കിയേക്കാം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. മാത്രമല്ല, മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമായേക്കാം.കടല്‍ത്തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധവേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടയില്‍, ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കാന്‍ ഇരിക്കെ സ്‌കൂളുകളും ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനാണ് അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യത്തേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അപകടകാരിയും നാശകാരിയുമായിരിക്കും ഈ കൊടുങ്കാറ്റ് എന്നാണ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറയുന്നത്. ദേശവ്യാപകമായി ചുവപ്പ് മുന്നറിയിപ്പിനേക്കാള്‍ വലുതായി നല്‍കാന്‍ മറ്റൊന്നില്ലാത്തതിനാലാണ് ചുവപ്പ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജീവന്‍ അപകടത്തില്‍ പെടാനുള്ള സാധ്യത പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്കാറ്റിന്റെ പാതയിലുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌കോട്ട്‌ലാന്‍ഡിലെ ചില ഭാഗങ്ങളിലെയും ജനങ്ങള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അവരുടെ ഫോണുകളില്‍ ഇന്നലെ രാത്രിയാണ് മുന്നറിയിപ്പ് എത്തിയത്. സൈലന്റില്‍ ഇരിക്കുന്ന ഫോണില്‍ പോലും 10 സെക്കന്റ് നീണ്ടുനിന്ന സൈറന്‍ ആണ് മുന്നറിയിപ്പിന്റെ മുന്നോടിയായി എത്തിയത്. തുടര്‍ന്ന് മുന്നറിയിപ്പ് എത്തി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്ട്‌ലാന്ദിന്റെ ചില ഭാഗങ്ങളിലും കാറ്റിനെതിരെയുള്ള ചുവപ്പ് മുന്നറിയിപ്പാണ് മെറ്റ് ഒഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്ക് പടിഞ്ഞാറന്‍ തീരത്താണ് കാറ്റ് ആദ്യമായി എത്തുന്നത്. പിന്നീട് അത് വടക്കോട്ട് നീങ്ങാന്‍ തുടങ്ങും. ഇതിന്റെ സഞ്ചാര പാതയിലെങ്ങും കനത്ത നാശം വിതയ്ക്കും എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ചിലയിടങ്ങളില്‍ കാറ്റിന് മണിക്കൂറില്‍ 130 മൈല്‍ വേഗത വരെ കൈവരിക്കാനാകുമെന്നും അവര്‍ പറയുന്നു. തീരപ്രദേശങ്ങളില്‍ നിന്നും അകന്നുള്ള പ്രദേശങ്ങളില്‍ കാറ്റിന് ഇത്രയും വേഗത കൈവരിക്കാനാകുന്നത് അസാധാരണമാണ് എന്നാണ് അവര്‍ പറയുന്നത്. ഈ സീസണിലെ, നാമകരണം ചെയ്യപ്പെട്ട അഞ്ചാമത്തെ കൊടുങ്കാറ്റ് തന്റെ മുന്‍ഗാമികളേക്കാള്‍ ഏറെ നാശം വിതച്ചേക്കാമെന്നാണ് ബി ബി സി കാലാവസ്ഥാ അവതാരകനായ ജൂഡിത്ത് റാള്‍സ്റ്റണ്‍ പറയുന്നത്.
മാത്രമല്ല, ഇയോവിന്‍ കൊടുങ്കാറ്റ് എത്തുന്നതോടെ സ്‌കോട്ട്‌ലാന്‍ഡിലെ താപനില 1982 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സ്‌കോട്ട്‌ലാന്‍ഡിലെ 19 ലോക്കല്‍ അഥോറിറ്റി പ്രദേശങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയോവിന്റെ ഉപോദ്പന്നങ്ങളായ ഹറിക്കേന്‍ കാറ്റുകളും പേമാരിയും കനത്ത മഞ്ഞു വീഴ്ചയുമൊക്കെ കാരണം ബ്രിട്ടന്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നിശ്ചലമായേക്കാം എന്നാണ് പല കാലാവസ്ഥാ ശാസ്ത്രജ്ഞരും പറയുന്നത്.
ഒരു വന്‍ ദിരന്തത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒന്നിലധികം ചുവപ്പ് മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. ഇതാദ്യമായാണ് അയര്‍ലന്‍ഡ് മുഴുവനുമായി തന്നെ ഒരു ചുവപ്പ് മുന്നറിയിപ്പ് നിലവില്‍ വരുന്നത്. മണിക്കൂറില്‍ 100 മൈല്‍ വേഗതയിലായിരിക്കും ഇയോവിന്‍ കരയെ സ്പര്‍ശിക്കുക. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്‌കൂളുകള്‍ മുഴുവന്‍ അടച്ചിരിക്കുകയാണ്. അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയും ക്യൂന്‍സ് യൂണിവേഴ്സിറ്റിയും അവരുടെ ബെല്‍ഫാസ്റ്റിലെ ക്യാമ്പസ്സുകള്‍ അടച്ചതായി അറിയിച്ചിട്ടുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളും അടച്ചിടുകയാണ്. ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡില്‍ അയര്‍ലന്‍ഡ് ദ്വീപിലെ അവരുടെ എല്ലാ സ്റ്റോറുകളും അടച്ചിടുന്നതായി അറിയിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ എല്ലാ ബസ്സ് സര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കുന്നതായി ട്രാന്‍സ്ലിങ്കും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സ്ട്രാംഗ്‌ഫോര്‍ഡ് ഫെറി സര്‍വ്വീസും നിര്‍ത്തി വയ്ക്കുകയാണ്.