ലണ്ടന്‍: ബ്രിട്ടനില്‍ ദീര്‍ഘകാല താമസത്തിനുള്ള അനുമതി ലഭിക്കുന്നതിനായി വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ കോഴ്സുകളെ ആശ്രയിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. മദ്ധ്യ- വലതുപക്ഷ ചിന്തകരുടെ കൂട്ടായ്മയായ പോളിസി എക്സ്‌ചേഞ്ച് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്റ് ഗ്രാഡ്വേറ്റ് റിസര്‍ച്ച് ഡിഗ്രിയിലേക്കുള്ളത് ഒഴിച്ച് മറ്റെല്ലാ ഗ്രാഡ്വേറ്റ് വിസ റൂട്ടുകളും നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവിലെ ഗ്രാഡ്വേറ്റ് വിസകള്‍, ബ്രിട്ടനില്‍ ദീര്‍ഘകാല താമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള കുറുക്കുവഴിയായി വിദേശ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ അവ പ്രയോജന രഹിതമായി കഴിഞ്ഞിരിക്കുന്നു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം രണ്ട് വര്‍ഷം വരെ യു കെയില്‍ തുടരാന്‍ അനുമതി നല്‍കുന്ന ഗ്രാഡ്വേറ്റ് വിസ റൂട്ട് നിയമങ്ങളില്‍ ചില ഭേദഗതികള്‍ കഴിഞ്ഞ മെയ് മാസത്തില്‍ ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഇതനുസരിച്ച്, പഠനം കഴിഞ്ഞാല്‍ 18 മാസക്കാലം മാത്രമെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ തുടരാന്‍ കഴിയുകയുള്ളു. 2024 ജനുവരിയില്‍ അന്നത്തെ കന്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വിസ ചട്ടങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ കഴിയില്ല. ചില പോസ്റ്റ് ഗ്രാഡ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്കും സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, ഇപ്പോഴുള്ള മാറ്റങ്ങള്‍ ആവശ്യമായ തരത്തില്‍ ഫലം കണ്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അതില്‍ പറയുന്നു. കുടിയേറ്റത്തിനുള്ള പിന്‍വാതിലുകളായി യൂണിവേഴ്സിറ്റികള്‍ മാറുന്നത് തടയാന്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കണമെന്നും അതില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ എത്തുന്നത് പഠനത്തിനു വേണ്ടി മാത്രമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും അതില്‍ ആവശ്യപ്പെടുന്നു. 2014/15 നും 2023/24 നും ഇടയില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ എത്തിയ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനത്തോളം പേര്‍ മറ്റ് വിസകളിലേക്ക് മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.