മനാമ: യമനിലെ ചെങ്കടല്‍ തുറമുഖ നഗരമായ ഹൊദയ്ദയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ നാലു മരണം. ചൊവ്വാഴ്ച വൈകിട്ട് ഹൊദയ്ദ പ്രവിശ്യയിലെ അല്‍മന്‍സൂരിയ ജില്ലയിലാണ് ആക്രമണം. ജല ശുദ്ധീകരണ പ്ലാന്റിനെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് ഹൂതി മീഡിയ അറിയിച്ചു. മരിച്ചവരെല്ലാം സാധാരണക്കാരാണ്. ഒരാള്‍ക്ക് പരിക്കേറ്റു. യമനിലെ വടക്കന്‍ പ്രവിശ്യകളായ സാദ, ഹജ്ജ എന്നിവയും യുഎസ് ലക്ഷ്യമിട്ടിരുന്നു.

അമേസമയം, പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനികള്‍ രണ്ടായി ഉയരും. നിലവില്‍ ഹാരിസ് എസ് ട്രൂമാന്‍ എന്ന വിമാനവാഹിനി ചെങ്കടലില്‍ ഉണ്ട്. യമന്‍ ആക്രമണം ഇത് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിന് പുറമേയാണ് ഇന്തോ-പസഫിക്ക് മേഖലയില്‍ നിന്ന് കാള്‍ വിന്‍സണ്‍ എന്ന വിമാന വാഹിനി അയക്കുന്നത്.

യമന്‍ ആക്രമണത്തിന് തിരിച്ചടിയായി ഹൂതികള്‍ ഹാരി എസ് ട്രൂമാനും അനുബന്ധ പടക്കപ്പലുകള്‍ക്കുമെതിരെ നിരന്തരം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. യമന്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് വിമാന വാഹിനികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. കാള്‍ വിന്‍സണ്‍ ഹാരി എസ് ട്രൂമാനുമായി ചേരുമെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

യമനിലെ ഹൂതികള്‍ ഷിപ്പിങ്ങിന് ഭീഷണിയാകുന്നതുവരെ ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് നിര്‍ത്തിയാല്‍ ഹൂതികള്‍ നേരെ വെടിയുതിര്‍ക്കുന്നത് തങ്ങളും നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു.