- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ഏറ്റവും വലിയ നഗ്നതാഘോഷമായി അറിയപ്പെടുന്ന ഉത്സവം സോമര്‍സെറ്റില്‍; ആടിയും പാടിയും ആഘോഷിച്ചത് 700 ന്യൂഡിസ്റ്റുകള്‍
ലണ്ടന്‍: ശനിയാഴ്ച, ഉച്ചഭക്ഷണ സമയം. ചിലര്‍ താത്ക്കാലിക ടെന്റുകളില്‍ ഇരുന്ന് മദ്യം നുകരുകയാണ്. ഭക്ഷണശാലകള്‍ക്ക് മുന്പില് നീണ്ട് നിര തന്നെ കാണാം. ബിയര്‍ ടെന്റിനും പുറത്തുള്ള ബെഞ്ചുകളിലിരുന്ന് പതഞ്ഞുയരുന്ന ബിയര്‍ നുണയുന്നവര്‍ അന്തരീക്ഷത്തില്‍ പടരുന്ന സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിക്കുന്നുമുണ്ട്. അല്പം വലിയൊരു കൂടാരത്തിനുള്ളില്‍ മറ്റൊരു കൂട്ടം ആളുകള്‍ ഗൗരവകരമായ ചര്‍ച്ചയിലാണ്. ചിലര്‍, നിലത്ത് വിരിച്ച കുഷ്യനുകളില്‍ ഇരുന്നും കിടന്നും വിശ്രമിക്കുന്നു.
ഒരു കൂടാരത്തിനുള്ളില്‍ ധ്യാനം പുരോഗമിക്കുകയാണ്. ചിലര്‍ സ്ഥലത്തെ കുതിരവണ്ടി സവാരി ആസ്വദിക്കുന്നു. മറ്റു ചിലര്‍ സംഘം ചേര്‍ന്ന് കുളിക്കുന്നു. ചിത്രങ്ങള്‍ ഒപ്പിയെടുക്കുവാനായി ഒന്നിലധികം ഡ്രോണുകള്‍ കരിവണ്ടിന്റെ മുരളലുമായി ആകാശത്ത് പറക്കുന്നു. തികച്ചും ഒരു വേനല്‍ക്കാല ഉത്സവത്തിന്റെ പ്രതീതി. എന്നാല്‍, ഒരു വ്യത്യാസം മാത്രം. ഈ ആഘോഷ ലഹരിയില്‍ ഉള്ളവര്‍ തികച്ചും നഗ്നരാണ് എന്നതാണത്.
കോണ്‍വാളിലെ കാമ്പിംഗ് പാര്‍ക്കിലും ഒരു കാരവാനിലുമായി 2007 ല്‍ ആരഭിച്ച ബ്രിട്ടീഷ് നാചുറിസം എന്ന വാര്‍ഷിക ഉത്സവം ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. അതിഥികള്‍ക്കായി പ്രദേശ വാസികള്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അര്‍ദ്ധരാത്രി കഴിഞ്ഞതോടെ വന്‍ ഡിസ്കോ ഡാന്‍സ് ആരംഭിച്ചു. ശരീരത്തില്‍ ഒരു നൂല് പോലുമില്ലാതെ നൃത്തം ചെയ്യുന്നതിന്റെ മാസ്മര ലഹരി നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ ? ഇല്ലെങ്കില്‍, ഇതാ നഗ്നോത്സവം അതിന് വേദിയൊരുക്കുകയാണ്.
കോണ്‍വാളിലാണ് ആരംഭിച്ചതെങ്കിലും, ഇപ്പോള്‍ ഇത് നടക്കുന്നത് സോമര്‍സെറ്റിലാണ്. വിശാലമായ ക്യാമ്പ് സൈറ്റില്‍ ഇത്തവണ 700 ല്‍ അധികം ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്കായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ അതിഥികള്‍ എത്തിയിട്ടുണ്ട്. മറ്റേതൊരു വേനല്‍ക്കാല ഉത്സവങ്ങളെയും പോലെതന്നെയാണ് നഗ്നോത്സവവും, എന്നാല്‍, സമൂഹ നഗ്നതാ പ്രദര്‍ശനമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
സമാനമനസ്കര്‍ ഒത്തു ചേരുന്നതിനാല്‍ അവര്‍ക്കിടയിലെ അടുപ്പത്തിന്റെ കണ്ണി ബലമുള്ളതായിരിക്കും എന്നതും ഒരു പ്രത്യേകതയാണ്. വെന്യു ഉടമകളും, ഇവിടെയെത്തുന്ന കച്ചവടക്കാരും, പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്ന കലാകാരന്മാരും ഒരേ സ്വരത്തില്‍ പറയുന്നത്, പരസ്പര ബഹുമാനം ഇത്രത്തോളം പുലര്‍ത്തുന്ന മറ്റൊരു ആള്‍ക്കൂട്ടത്തെ കണ്ടിട്ടില്ല എന്നാണ്.
കരകൗശല വിദ്യകള്‍ പഠിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍, വിവിധ സ്പോര്‍ട്ട്സ് മത്സരങ്ങള്‍, ധ്യാനം, എന്നിവയ്ക്കൊപ്പം ബൗദ്ധിക ചര്‍ച്ചകളും ഈ ഏഴു ദിവസങ്ങളിലും ഉണ്ടായിരിക്കും. അതിരാവിലെ ക്യാമ്പ് സൈറ്റിനു ചുറ്റുമുള്ള ഓട്ടവും, ഉച്ചക്കുള്ള വോളിബോള്‍ കളിയും മറ്റ് ആകര്‍ഷണങ്ങളാണ്. സമീപത്തുള്ള ആപ്പിള്‍ പാടങ്ങളിലേക്കുള്ള സന്ദര്‍ശനവും ലോക നഗ്നദിന ആഘോഷത്തിന്റെ ഭാഗമായുള്ള നഗ്ന നടത്തവും ഈ ഉത്സവത്തിന്റെ ഭാഗമാണ്.