പത്തനംതിട്ട: ചിറ്റാറിൽ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ വനിത അടക്കമുള്ള വനപാലകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭീഷണി തുടർന്ന് നേതാക്കൾ. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് വനപാലകർക്കെതിരായ ഭീഷണി സിപിഎം തുടർന്നത്.

ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർ ഒറ്റക്കാലിൽ നടക്കാൻ കൂടി പഠിക്കേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവും മുൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റുമായ ജോബി ടി. ഈശോ പറഞ്ഞു. വനപാലകരെ കൈയേറ്റം ചെയ്തതിന് സിപിഎം പ്രാദേശിക നേതാവ് അടക്കം 12 പേർക്കെതിരേ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മറ്റി നടത്തിയ മാർച്ചിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഭീഷണി.

കൊലപാതക ശ്രമത്തിന് നിങ്ങൾ ഇനിയും കേസ് കൊടുക്കേണ്ടതായി വരുമെന്ന് ജോബി ടി. ഈശോ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാൽ മാത്രമല്ല, കൈയും വെട്ടാനറിയാമെന്ന് സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയംഗം ജെയ്സൺ സാജൻ ജോസഫും ഭീഷണി മുഴക്കി. കള്ളക്കേസുമായി അഴിഞ്ഞാടാനാണ് വനപാലകരുടെ നീക്കമെങ്കിൽ, ഞങ്ങൾ ജനാധിപത്യ വിപ്ലവം മാത്രമല്ല, സായുധ വിപ്ലവവും നടത്താൻ അറിയാവുന്നവരാണ്. കഴിഞ്ഞ ദിവസം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പറഞ്ഞത് കൈവെട്ടുമെന്നാണ്. കൈ മാത്രമല്ല, കാലും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല എന്നും ജയ്സൺ പറഞ്ഞു.

വനിത അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ സിപിഎം നേതാക്കൾ അടക്കം 12 പേർക്കെതിരേ കഴിഞ്ഞ ദിവസമാണ് ചിറ്റാർ പൊലീസ് കേസ് എടുത്തത്. ആക്രമണത്തിന് ഇരയായവർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിപിഎം നേതാക്കളായ ജേക്കബ് വളയംപള്ളി, മധു, മനോജ് കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരേയാണ് ശനിയാഴ്ച കേസ് എടുത്ത്.

കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചു കോയിക്കലിൽ മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ടി. സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ, ജീവനക്കാരനായ അഖിൽ എന്നിവരെയാണ് ആക്രമിച്ചത്. സീതത്തോട് കൊച്ചുകോയിക്കൽ കുളഞ്ഞിമുക്കിൽ റോഡരികിൽ മുറിച്ചിട്ടിരുന്ന മരക്കഷണങ്ങൾ പരിശോധിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്. ഈ തടിക്കഷണങ്ങൾ എവിടെ നിന്നു മുറിച്ചുവെന്നാണ് വനപാലകർ അന്വേഷിച്ചത്.

അപ്പോഴാണ് 12 പേരടങ്ങും സംഘം അവിടെ വന്ന് ആക്രമണം തുടങ്ങിയത്. ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതിനാണ് വനിതാ ഓഫീസറെ ആക്രമിച്ചത്. അന്നു തന്നെ ചിറ്റാർ പൊലീസിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും സിപിഎം ഇടപെടൽ കാരണം ചെറുവിരൽ അനക്കിയില്ല. ഈ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകിയതോടെ നാലു ദിവസത്തിന് ശേഷം മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. തണ്ണിത്തോട്ടിൽ കഴിഞ്ഞ ദിവസം സിപിഎം ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് വനപാലകരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സിഐ.ടി.യു തൊഴിലാളികൾ നാട്ടിയ കൊടി വനംവകുപ്പ് ജീവനക്കാർ പിഴുതു മാറ്റിയപ്പോഴായിരുന്നു പ്രവീണിന്റെ ഭീഷണി പ്രസംഗം. ഇതിനെതിരേ വനപാലകർ കോന്നി ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷേ, കേസെടുക്കാൻ കൂട്ടാക്കിയിട്ടില്ല.