മലപ്പുറം: ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധനയ്‌ക്കൊരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 24 വരെ ക്രിസ്മസിനും 29, 30, 31 തീയതികളില്‍ പുതുവത്സരത്തിനും മുന്നോടിയായാണ് നാല് സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ കര്‍ശന പരിശോധന നടത്തുന്നത്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ മായം കലര്‍ത്തിയ കേക്ക് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വിപണിയിലെത്താനുള്ള സാദ്ധ്യത മുന്‍നിറുത്തിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധനയ്ക്കൊരുങ്ങുന്നത്. പ്രധാനമായും കേക്ക്, വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാവും പരിശോധന. കൂടാതെ, ഹോം സ്റ്റേ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബേക്കറി യൂണിറ്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ചില്ലറ വില്‍പ്പന ശാലകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും.

എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ബാറുകളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തി ശുചിത്വം എന്നിവയും പരിശോധിക്കും. മായം കലര്‍ത്തിയെന്ന സംശയം തോന്നിയാല്‍ സാമ്പിളെടുത്ത് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്കയക്കും. പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

ഭക്ഷണത്തില്‍ ആരോഗ്യത്തിന് ഹാനികരമായവ കണ്ടെത്തിയാല്‍ ആറ് മാസം മുതല്‍ ജീവപരന്ത്യം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ലേബല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ മൂന്ന് ലക്ഷം പിഴ അടയ്ക്കണം. സുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ അഞ്ച് ലക്ഷമാണ് പിഴ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ പായ്ക്കറ്റുകളിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങുമ്പോള്‍ കാലാവധി രേഖപ്പെടുത്തിയതും ലേബല്‍ വിവരങ്ങള്‍ ഉള്ളവയും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സുജിത് പെരേര, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍