- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിയെടുക്കാൻ ആരും തയ്യാറായില്ല; അതുകൊണ്ടാണ് അനിയന് കുഴി വെട്ടേണ്ടി വന്നത്; ഉള്ളു പിടഞ്ഞു രാഹുലിന്റെ വാക്കുകൾ; കുഴിവെട്ടുന്ന മകനെ നോക്കി ഡാ, നിർത്തടാ.. എന്നു പറഞ്ഞു പൊലീസുകാരും; അമ്മകൂടിയേ മരിക്കാനുള്ളൂവെന്ന് വിരലുയർത്തി ചോദിച്ചപ്പോൾ അതിനെന്ത് വേണം.. എന്നു മറുചോദ്യവും; നെയ്യാറ്റിൻകരയിൽ പൊലീസ് ഭാഷയും പ്രശ്നം
നെയ്യാറ്റിൻകര: സ്വന്തം പിതാവിനെ സംസ്ക്കരിക്കാൻ സ്വയം കുഴിയെടുക്കേണ്ടി വന്ന ബാലൻ മലയാളക്കരയ്ക്ക് കണ്ണുനീരാകുകയാണ്. സാംസ്കാരിക കേരളത്തിന് ഏറ്റവും അപമാനമുണ്ടാക്കിയ സംഭവമായി ഇത് മാറുകയാണ്. വിവാദമായ സ്ഥലത്ത് പിതാവിനെ സംസ്ക്കരിക്കാൻ കുഴിയെടുക്കാൻ മറ്റാരും തയ്യാറാകാത്തതു കൊണ്ടാണ് തന്റെ അനിയന് കുഴിയെടുക്കേണ്ടി വന്നതെന്നാണ് രാജന്റെ മൂത്ത മകൻ രാഹുൽ പറഞ്ഞത്. എന്നാൽ, പൊലീസ് ഇത് തടഞ്ഞെന്നും രാഹുൽ പറഞ്ഞു.
പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്കാരം വിവാദ സ്ഥലത്തുതന്നെ കഴിഞ്ഞ ദിവസം മക്കൾ നടത്തി. അമ്പളിയുടെ സംസ്കാരം ഇതേ സ്ഥലത്ത് ഇന്ന് നടത്തും. അച്ഛനും അമ്മുയും ഒരുമിച്ചു പോയതിന്റെ ആഘാതത്തിലാണ് ഈ മക്കൾ. അതേസമയം അപ്പന്റെ കുഴിവെട്ടേണ്ടി വന്ന മകനോട് പൊലീസ് സംസാരിച്ച ഭാഷയും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നു ഡാ.. നിർത്തെടാ.. എന്നായിരുന്നു രഞ്ജിത്ത് കുഴിവെട്ടിയപ്പോൾ പൊലീസുകാരൻ വപറഞ്ഞത്. ഇനി അമ്മ കൂടിയേ ബാക്കിയുള്ളു എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അതിനെന്ത് വേണമെന്നാണ് യാതൊരു അനുകമ്പയും ഇല്ലാതെ ചോദിക്കുന്നത്. പൊലീസ് നടപടിയാണ് ആ കുടുംബത്തെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന ചിന്തപോലും ഇല്ലാതെയായിരുന്നു ആ പൊലീസുകാരുടെ വാക്കുകൾ. ഈ പൊലീസ് ഭാഷയും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം നെയ്യാറ്റിൻകരയിൽ ജപ്തി നടപടികൾ തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജൻ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്നാൽ കഴിയുന്ന സഹായം പാവങ്ങൾക്കായി നൽകിയിരുന്നു. ആശാരിപ്പണിയിൽ നിന്ന് കിട്ടുന്ന ഭൂരിഭാഗവും ചെലവിട്ടത് മറ്റുള്ളവർക്കായായിരുന്നു. ദിവസവും പണിക്കുപോകുന്ന വഴി കുറഞ്ഞത് 15 പേർക്കെങ്കിലും രാജൻ പൊതിച്ചോർ എത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുമ്പോഴും, ചാരിറ്റി പ്രവർത്തനങ്ങൾ തുടരണമെന്നാണ് രാജൻ മക്കളോട് പറഞ്ഞത്.
റോഡ് സൈഡിൽ വയ്യാതെ കിടക്കുന്നവർക്കായി ദിവസവും മുടങ്ങാതെ അച്ഛൻ ഭക്ഷണം കൊണ്ടുപോകുമായിരുന്നുവെന്ന് രാജന്റെ മകൻ രഞ്ജിത് പറഞ്ഞു. സംഭവം നടക്കുന്നതിന് തലേ ദിവസമാണ് ഭക്ഷണം കൊണ്ടുപോകാൻ പുതിയ ഫ്ളാസ്കും, ചായയിടാൻ പാത്രവുമായി വരുന്നത്. മരിക്കാൻ സമയമായപ്പോൾ എന്നോട് പറഞ്ഞു മോനെ, അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൊടുക്കുന്നത് പോലെ നീയും എല്ലാവർക്കും ഭക്ഷണം കൊടുക്കണം എന്ന്. പൊലീസുകാരൻ കൈ തട്ടി അച്ഛനും അമ്മയ്ക്കും തീ പിടിച്ചു. ഞാൻ അവരെ പിടിക്കാൻ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കിൽ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളു', രഞ്ജിത് പറഞ്ഞു.
ഈ മാസം 22നായിരുന്നു നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
മറുനാടന് മലയാളി ബ്യൂറോ