നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികിൽസയ്ക്കിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ അയൽവാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങളുള്ളതിനാൽ വീട്ടിൽനിന്നു മാറ്റാനാണ് കസ്റ്റഡിയിലെടുത്തതെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ വസന്തയെ സ്ഥലത്തുനിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർദ്ദേശിച്ചിരുന്നു. വസന്തയെ വീട്ടിൽനിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരിൽ ചിലർ നിലപാടെടുത്തു. വസന്തയെ മാറ്റാൻ വൈകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ചോറുകഴിക്കാൻ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയർന്നു.

മന്ത്രിയും സംഘവും മടങ്ങിയതിന് പിന്നാലെ നാട്ടുകാർ വീട് വളഞ്ഞതോടെ പ്രതിഷേധം കടുത്തു. പ്രാദേശീക നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കുചേർന്നതോടെയാണ് കസ്റ്റഡിയിലെടുക്കാൻ തയ്യാറായത്. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് വസന്തയെ സ്ഥലത്ത് നിന്നും മാറ്റിയതോടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ തുടങ്ങി. ഭർത്താവ് രാജന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കുന്നത്

മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങിൽ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ ആളെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജൻ തലയിലൂടെ പെട്രോൾ ഒഴിച്ചതും, അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

തർക്കത്തിലുള്ള ഭൂമി വിട്ടു നൽകില്ലെന്നു വസന്ത പറഞ്ഞു. ഭൂമി തന്റേതാണെന്നു നിയമപരമായി തെളിയിക്കും. കഷ്ടപ്പെട്ടു വാങ്ങിയ ഭൂമിയാണ്. ഗുണ്ടായിസം കാണിച്ചതിനാൽ ഭൂമി വിട്ടു നൽകില്ല. താൻ ക്ഷമിച്ചില്ലായിരുന്നെങ്കിൽ ആ ഭൂമിയിൽ അവരെ അടക്കാൻ സമ്മതിക്കില്ലായിരുന്നു. മറ്റാർക്കെങ്കിലും ഭൂമി നൽകുമെന്നും വസന്ത പറഞ്ഞു. ആദ്യം ഭൂമി വിട്ടു നൽകുമെന്ന് പറഞ്ഞ വസന്ത പിന്നീട് നിലപാട് മാറ്റുകയായിരുന്നു.