നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികിൽസയ്ക്കിടെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു. ജീവൻ നഷ്ടപ്പെട്ട ദമ്പതികളുടെ മക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുന്നത്. പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആമ്പുലൻസ് തടഞ്ഞുവച്ചാണ് പ്രതിഷേധം. കുട്ടികളിൽ ഒരാൾക്ക് സർക്കാർ ജോലി, കുടുംബത്തിന് അടിയന്തരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിർമ്മിച്ച് നൽകണം ദമ്പതികൾ പൊള്ളലേറ്റ് മരിക്കാൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തഹസീൽദാർ വാക്കാൽ ഉറപ്പ് നൽകിയെങ്കിലും രേഖപ്രകാരം നൽകണമെന്നാണ് ആവശ്യം.

ദമ്പതികൾ മരിച്ച സംഭവത്തിൽ അയൽവാസി വസന്തയെ കസ്റ്റഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ വസന്തയെ സ്ഥലത്തുനിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർദ്ദേശിച്ചിരുന്നു. വസന്തയെ വീട്ടിൽനിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരിൽ ചിലർ നിലപാടെടുത്തു. വസന്തയെ മാറ്റാൻ വൈകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ചോറുകഴിക്കാൻ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയർന്നു.

മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങിൽ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. 2 മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ ആളെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജൻ തലയിലൂടെ പെട്രോൾ ഒഴിച്ചതും, അപകടമുണ്ടായതും. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ മക്കൾ നടത്തിയിരുന്നു അമ്പിളിയുടെ സംസ്‌കാരവും ഇതേ സ്ഥലത്തു നടത്തും. അതേസമയം, ഔചിത്യ ബോധം ഇല്ലാത്ത ഒഴിപ്പിക്കൽ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണസംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കുട്ടികൾക്ക് വീടുവച്ചു കൊടുക്കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോന്നും സർക്കാർ പരിശോധിക്കും. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടർന്നത്. ആത്മഹത്യ അല്ലെന്ന് സഹോദരി ആരോപിച്ചിരുന്നു.